കോഴിക്കോട്: മുന്‍ എംഎല്‍എയും ബലാത്സംഗക്കേസിലെ പ്രതിയുമായ രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം സെല്‍ഫിയെടുത്തതിനു പിന്നാലെ നിയുക്ത എംഎല്‍എമാരായ പി.കെ ഫിറോസും ഫാത്തിമ തഹിലിയയ്ക്കും രൂക്ഷ വിമര്‍ശനം. ലൈംഗിക പീഡന പരാതിയെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട രാഹുലിനൊപ്പം സെല്‍ഫിയെടുത്ത് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത് തെറ്റായ സന്ദേശം നല്‍കുമെന്നാണ് പ്രധാന വിമര്‍ശനം. കഴിഞ്ഞ ദിവസം തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിക്ക് മുന്നില്‍ വെച്ചായിരുന്നു സെല്‍ഫി. ചിത്രം പി.കെ ഫിറോസ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തു.
പോസ്റ്റിന് താഴെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. ബലാത്സംഗ കേസില്‍ പ്രതിയായി കോണ്‍ഗ്രസ് പുറത്താക്കിയ ആളെ കൂടെനിര്‍ത്തി വെളുപ്പിച്ചെടുക്കുകയാണ് എന്നതടക്കമുള്ള കമന്റുകള്‍ വന്നു. മൂന്ന് ബലാത്സംഗക്കേസിലെ പ്രതിക്കൊപ്പമാണ് സെല്‍ഫിയെടുത്തതെന്നും ഇപ്പോള്‍ നിങ്ങള്‍ ഭരണകക്ഷിയാണെന്ന് ഓര്‍ക്കണമെന്നും പലരും ചൂണ്ടിക്കാട്ടി.
വി.ഡി സതീശനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തപ്പോള്‍ പിന്തുണച്ച് ചിത്രം പങ്കുവെച്ചയാളാണ് അതിജീവിതയെന്നും ഇരയോടൊപ്പവും വേട്ടക്കാരനൊപ്പവും ചിത്രം പങ്കുവെക്കാന്‍ കഴിയുന്നവരാണോ യുഡിഎഫ് എംഎല്‍എമാരെന്നും ചോദ്യമുയര്‍ന്നു. ‘ഭരണത്തില്‍ എത്തിയാലുടന്‍ കേസുകളില്‍ നിന്ന് കോടതി കുറ്റവിമുക്തനാക്കുമോ, തൊലിക്കട്ടി സമ്മതിക്കണം, ഇനി വിശുദ്ധന്‍ ആയി പ്രഖ്യാപിക്കുമോ, ഇതിനാണോ സ്ത്രീകള്‍ യുഡിഎഫിന് വോട്ട് ചെയ്തത്’ തുടങ്ങിയ ചോദ്യങ്ങളും കമന്റുകളായെത്തി. അനാവശ്യ സെല്‍ഫിയായിപ്പോയെന്ന് യുഡിഎഫ് പ്രവര്‍ത്തകരും ചൂണ്ടിക്കാട്ടി.

















































