റാഞ്ചി: ഝാർഖണ്ഡിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പെൺമക്കളെ വെട്ടിക്കൊലപ്പെടുത്തി പിതാവ്. ഗിരിധി ജില്ലയിൽ മുഫാസിൽ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള തുരുക്ദിഹ ഗ്രാമത്തിൽ തിങ്കളാഴ്ചയാണ് സംഭവം. 14 വയസുകാരിയെയും ആറു വയസുകാരികളായ ഇരട്ട കുട്ടികളെയുമാണ് പിതാവ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. പല്ലവി യാദവ്, ഇരട്ട സഹോദരിമാരായ റിദ്ധി യാദവ്, സിദ്ധി യാദവ് എന്നിവരാണ് കൊല്ലപ്പെട്ടത്.
പെൺകുട്ടികളുടെ പിതാവായ നന്ദു യാദവ് വീട്ടിനുള്ളിൽവെച്ച് മൂർച്ഛയുള്ള ആയുധം ഉപയോഗിച്ച് പെൺകുട്ടികളെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മൂന്നുപേർക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് ഇവർ മരണത്തിന് കീഴടങ്ങിയതായും പൊലീസ് പറഞ്ഞു.പെൺകുട്ടികളുടെ നിലവിളി കേട്ട് കുടുംബാംഗങ്ങളും പ്രദേശവാസികളും ഓടിയെത്തിയെങ്കിലും മൂവരെയും ക്രൂരമായി പ്രതി ആക്രമിച്ചിരുന്നു.
കുട്ടികളുടെ അമ്മയും സഹോദരനും വീടിന്റെ മറ്റൊരു ഭാഗത്തായിരുന്നുവെന്നും ആക്രമണത്തിൽ ഇരുവരും പരിക്കേൽക്കാതെ രക്ഷപ്പെട്ടതായും പ്രദേശവാസികൾ പറഞ്ഞു. കൊലപാതകത്തിന് പിന്നാലെ വലിയ ജനക്കൂട്ടം വീട്ടിലേക്കെത്തി പ്രതിഷേധം നടത്തി. പ്രതിയെ ഉടൻതന്നെ കസ്റ്റഡിയിലെടുത്തതായും ആൾക്കൂട്ടത്തിൽനിന്ന് ഇയാളെ സംരക്ഷിച്ചതാും പൊലീസ് പറഞ്ഞു. അതേസമയം, പെൺമക്കളെ കൊലപ്പെടുത്താനുണ്ടായ കാരണം വ്യക്തമല്ലെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനായ ജിത്വാഹൻ ഒറാവോൺ അറിയിച്ചു.
























































