ആലപ്പുഴ: സി.പി.എം മുൻ നേതാവും എം.എൽ.എയുമായ ജി. സുധാകരനെതിരെ രൂക്ഷവിമർശനവുമായി സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം സി.ബി. ചന്ദ്രബാബു. പിണറായിയെ നനഞ്ഞ കോഴി എന്നൊക്കെ പറഞ്ഞ് ആക്ഷേപിക്കുന്നത് അധികപ്രസംഗമാണെന്നും ഇത് ചുട്ട മറുപടി അർഹിക്കുന്ന വിടുവായത്തമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
അപ്പോൾ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്ന സുധാകരസ്വഭാവം, എല്ലാം തുറന്ന് പറയാത്തത് പാർട്ടി അച്ചടക്കം അനുവദിക്കാത്തതുകൊണ്ടാണെന്നും ചൂണ്ടിക്കാട്ടി. സുധാകരന്റെ അഴിമതിവിരുദ്ധ പ്രതിച്ഛായ വെറും തട്ടിപ്പാണ്. തെരഞ്ഞെടുപ്പിന് ആരോടും ഞാൻ പണം ചോദിക്കാറില്ല എന്നാണ് സുധാകരൻ പറയുന്നത്. അങ്ങനെയെങ്കിൽ 2021-ൽ സ്ഥാനാർഥിത്വം കിട്ടുമെന്ന് കരുതി അരൂർ ഭാഗത്ത് ദിവസങ്ങളോളം ഒരു പ്ലഗിന്റെ കൂടെ ഓടി നടന്ന് കയറ്റുമതിക്കാരിൽനിന്നും മറ്റും ശേഖരിച്ച പണം ഏതു കണക്കിൽ വരും. പിരിച്ചതിന് രസീത് പോലും കൊടുത്തില്ലല്ലോ’ -ചന്ദ്രബാബു ആരോപിച്ചു.
സുധാകരൻ സ്ഥാനാർഥി ആകാതെ വന്നപ്പോൾ പിരിച്ച പണം എന്ത് ചെയ്തു. പൂച്ച കണ്ണടച്ച് പാല് കുടിക്കുന്നത് പോലെ ഇതൊന്നും ആരും അറിയുന്നില്ല എന്ന മനോഭാവം വേണ്ട. ബാക്കി എല്ലാവരും മോശം താൻ കേമൻ എന്ന് സ്വയം പറഞ്ഞാൽ പോരല്ലോ. മുസ്‍ലിംലീഗിനെ നേരത്തെ മലപ്പുറത്തെ ഒരു തരം ലീക്ക് എന്നാണ് സുധാകരൻ പ്രസംഗത്തിൽ വിശേഷിപ്പിച്ചിരുന്നത്. ലീഗിനെ വിമർശിക്കുമ്പോഴും ഞങ്ങളാരും അങ്ങനെ പറഞ്ഞിട്ടില്ല. എത്ര പെട്ടെന്നാണ് ലീഗ് മതേതര പാർട്ടിയായത്. ആ പാർട്ടിയുമായി തെറ്റുന്ന ഒരു ഘട്ടം വന്നാൽ അപ്പോൾ കാണാം. സ്വന്തം കാര്യം കാണാൻ ഏതറ്റം വരെയും പോകുന്ന സുധാകരൻ അഭിനവ പാഷാണം വർക്കി ആയിരിക്കുന്നു.



















































