മസ്കറ്റ്: ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിന് നേരെ ആക്രമണം. ഇന്ധന ടാങ്കർ കപ്പലിന് തീപിടിച്ചു. ഒമാൻ തീരത്തിനു സമീപം ഓയിൽ ടാങ്കറായ മാരിവെക്സ് കപ്പലിലാണ് ഇന്ന് ഉച്ചയ്ക്ക് തീപിടിത്തമുണ്ടായത്. കപ്പലിൽ ഉണ്ടായിരുന്ന 24 ഇന്ത്യക്കാരും സുരക്ഷിതരാണെന്ന് അധികൃതർ സ്ഥിരീകരിച്ചു.
ഉച്ചയ്ക്ക് ഏകദേശം 1.30ഓടെയാണ് തീപിടിത്തം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം. മറൈൻട്രാഫിക് പ്ലാറ്റ്‌ഫോമിലെ ട്രാക്കിംഗ് ഡാറ്റ പ്രകാരം, ഇന്ത്യയുടെ കാർവാറിൽ നിന്ന് ഒമാനിലെ ദുഖ്മിലേക്ക് ടാങ്കർ യാത്ര ചെയ്യുകയായിരുന്നു. എന്നാൽ സംഭവത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമല്ല. സംഭവം പുറത്തുവന്നതോടെ ഒമാനിലെ ഇന്ത്യൻ എംബസി ഇടപെട്ട് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതായി അറിയിച്ചു.എല്ലാ ഇന്ത്യൻ നാവികരും നിലവിൽ സുരക്ഷിതരാണ്. അവരുടെ സുരക്ഷ ഉറപ്പാക്കാൻ വിദേശകാര്യ മന്ത്രാലയം, വിദേശത്തുള്ള ഞങ്ങളുടെ ഇന്ത്യൻ മിഷനുകൾ, ഇന്ത്യൻ നാവികസേന, പ്രതിരോധ മന്ത്രാലയം എന്നിവയുമായി ഞങ്ങൾ ഏകോപിപ്പിക്കുന്നു,” ഷിപ്പിംഗ് മന്ത്രാലയം ഡയറക്ടർ ഓപേഷ് കുമാർ ശർമ്മ പറഞ്ഞു.
ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗ് മുഖേന ഇതുവരെ 3,506 ഇന്ത്യൻ നാവികരെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ സൗകര്യമൊരുക്കിയതായും കഴിഞ്ഞ 96 മണിക്കൂറിനുള്ളിൽ 32 പേരെ തിരിച്ചെത്തിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.സംഭവത്തെ തുടർന്ന് കപ്പലിന്റെ നിലയും തീപിടിത്തത്തിന്റെ കാരണം കണ്ടെത്തുന്നതിനുമായി അന്വേഷണം പുരോഗമിക്കുകയാണ്.



















































