മുംബൈ: ഉച്ചത്തില്‍ പാട്ടുവെച്ചതിനെച്ചൊല്ലിയുണ്ടായ കുടുംബതർക്കത്തിനൊടുവിൽ പിതാവിനെയും മകനെയും കുത്തിക്കൊന്ന് കുടുംബാംഗങ്ങള്‍. മുംബൈ വിഖ്രോളി വെസ്റ്റിൽ ഇന്ന് പുലർച്ചെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. രാഹുൽ നഗർ സ്വദേശിയായ സുനിൽ വിശ്വകർമ്മ (40), മകൻ ശ്ലോക് വിശ്വകർമ്മ (14) എന്നിവരെയാണ് ക്രൂരമായി കുടുംബാംഗങ്ങൾ കൊലപ്പെടുത്തിയത്.
സുനിൽ വിശ്വകർമ്മയുടെ ഭാര്യ അഞ്ചു വിശ്വകർമ്മ, ഇളയമകൻ വിവാൻ വിശ്വകർമ്മ എന്നിവർക്കും ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. സംഭവത്തിൽ ഇവരുടെ കുടുംബാംഗങ്ങളായ സുരേന്ദ്ര വിശ്വകർമ്മ, സൂരജ് വിശ്വകർമ്മ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ കൂടുതൽ ചോദ്യം ചെയ്തു വരികയാണ്. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന പൂർത്തിയാക്കി. പാട്ടിന്റെ ശബ്ദം കൂട്ടിയതിനെത്തുടർന്ന് കുടുംബാംഗങ്ങൾ തമ്മിൽ ആരംഭിച്ച വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
ശബ്ദം കൂട്ടിയത് സുനിൽ വിശ്വകർമ്മയും മകൻ ശ്ലോക് വിശ്വകർമ്മയും ചോദ്യം ചെയ്തതോടെ സുരേന്ദ്ര വിശ്വകർമ്മ, സൂരജ് വിശ്വകർമ്മ എന്നിവർ കത്തി ഉപയോഗിച്ച് ക്രൂരമായി കുത്തി കൊലപ്പെടുത്തുകയായിരുന്നു. ഇവരെ പിടിച്ചു മാറ്റാൻ ശ്രമിക്കവെ ഭാര്യ അഞ്ചു വിശ്വകർമ്മ, ഇളയമകൻ വിവാൻ വിശ്വകർമ്മ എന്നിവർക്കും ഗുരുതര പരിക്കേൽക്കുകയായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് പൊലീസ് അറിയിച്ചു.



















































