കാസർകോട്: സംസ്ഥാനത്തെ നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ ഇടത് സർക്കാരിന്റെ നയങ്ങളാണെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. എൽഡിഎഫ് സർക്കാർ കടം വാങ്ങിയ വൈദ്യുതി ഇപ്പോൾ തിരിച്ചുനൽകിക്കൊണ്ടിരിക്കുകയാണെന്നും അതിനാലാണ് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നതെന്നും മന്ത്രി പറഞ്ഞു.
കേരളത്തിൽ വൈദ്യുതി ഉപഭോഗം ഗണ്യമായി വർധിച്ച സാഹചര്യത്തിൽ പ്രതിസന്ധി മറികടക്കാൻ സർക്കാർ വിവിധ നടപടികൾ സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ മഴ ലഭിക്കുന്നത് വൈദ്യുതി ഉൽപാദനത്തിന് ആശ്വാസകരമാണെന്നും വൈദ്യുതി നിയന്ത്രണം പരമാവധി കുറയ്ക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
മുൻ വൈദ്യുതി മന്ത്രി എം.എം. മണിയുമായി താരതമ്യം ചെയ്തുള്ള സമൂഹമാധ്യമ ചർച്ചകളെക്കുറിച്ചുള്ള ചോദ്യത്തിന്, അദ്ദേഹം തന്നേക്കാൾ ഏറെ മുതിർന്ന നേതാവാണെന്നും എന്നാൽ അദ്ദേഹത്തിന്റെ ശിഷ്യനാകാൻ താൻ ആഗ്രഹിക്കുന്നില്ലെന്നുമായിരുന്നു സണ്ണി ജോസഫിന്റെ പ്രതികരണം.
താൻ മന്ത്രിസ്ഥാനം ഏറ്റെടുത്തിട്ട് രണ്ട് മാസത്തിൽ താഴെ മാത്രമാണായിട്ടുള്ളതെന്നും, ദീർഘകാലാടിസ്ഥാനത്തിൽ വൈദ്യുതി മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സോളാർ വൈദ്യുതിയുടെ ഉപയോഗം വർധിപ്പിക്കുന്നതിനൊപ്പം, പകൽ ഉൽപാദിപ്പിക്കുന്ന വൈദ്യുതി രാത്രികാല ഉപയോഗത്തിനായി സംഭരിക്കുന്ന ഊർജ സംഭരണ സംവിധാനങ്ങൾ വികസിപ്പിക്കേണ്ടതുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
അതേസമയം, കാസർകോട് ചീമേനിയിൽ ആണവനിലയം സ്ഥാപിക്കാനുള്ള സാധ്യത സർക്കാർ പരിഗണനയിലുണ്ടെന്ന നിലപാട് മന്ത്രി വീണ്ടും ആവർത്തിച്ചു. ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ ആണവനിലയങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും കേരളവും ലോകത്തിന്റെ ഭാഗമാണെന്നും ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഈ വിഷയത്തിൽ സമൂഹത്തിൽ തുറന്ന ചർച്ചകൾ നടക്കേണ്ടതുണ്ടെന്നും വ്യക്തമാക്കി.

















































