പാലക്കാട്: ധോണി ആന പരിപാലന കേന്ദ്രത്തിൽ കുങ്കിയാനയുടെ കുത്തേറ്റ് രണ്ടാം പാപ്പാന് ഗുരുതര പരിക്കേറ്റു. കുങ്കിയാന അഗസ്ത്യന്റെ രണ്ടാം പാപ്പാനായ ബൊമ്മനാണ് അപകടത്തിൽ പരിക്കേറ്റത്.
തീറ്റ കൊടുക്കുന്നതിനിടെയാണ് സംഭവം. ഇതിനിടെ അഗസ്ത്യൻ പെട്ടെന്ന് തിരിഞ്ഞതോടെ കൊമ്പ് ബൊമ്മന്റെ ശരീരത്തിൽ തുളച്ചുകയറുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബൊമ്മനെ ആദ്യം സമീപത്തെ ആശുപത്രിയിൽ എത്തിച്ചശേഷം വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
പരിശോധനയിൽ ബൊമ്മന്റെ ശ്വാസകോശത്തിനും കരളിനും ഗുരുതര പരിക്കേറ്റതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില ഡോക്ടർമാർ നിരീക്ഷിച്ചുവരികയാണ്.
കഴിഞ്ഞ ഒരു വർഷമായി അഗസ്ത്യന്റെ രണ്ടാം പാപ്പാനായി ബൊമ്മൻ സേവനമനുഷ്ഠിച്ചുവരികയായിരുന്നു.

















































