കൊല്‍ക്കത്ത: യുവാവിനെ വെട്ടിനുറുക്കി ഡ്രമ്മിനുള്ളിലിട്ട് ഫ്ലാറ്റ് പൂട്ടി കാമുങ്ങി രക്ഷപ്പെട്ടു. തെളിവ് നശിപ്പിക്കുന്നതിനായി ബാത്റൂമിലെ പൈപ്പ് തുറന്നുവിട്ട ശേഷം കാമുകി കൊൽക്കത്തയിലേക്ക് കടന്നുകളഞ്ഞതായി പോലീസ് സംശയിക്കുന്നു. മുംബൈ കല്യാണിലാണ് സംഭവം. പോലീസ് പറയുന്നതനുസരിച്ച്, കഴിഞ്ഞ രണ്ട്-മൂന്ന് ദിവസങ്ങളായി ഫ്ലാറ്റിൽ നിന്ന് കടുത്ത ദുർഗന്ധം വമിക്കുന്നത് പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു.
ദുർഗന്ധം സഹിക്കാനാവാതെ വന്നതോടെ അവർ മൻപാഡ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് ഉദ്യോഗസ്ഥർ അപ്പാർട്ട്‌മെന്റിൽ എത്തിയപ്പോൾ അത് പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതിൽ പൊളിച്ച് അകത്തുകയറി പരിശോധിച്ചപ്പോഴാണ് ബാത്റൂമിൽ വെച്ചിരുന്ന വലിയൊരു ഡ്രമ്മിനുള്ളിൽ ചാക്ക് കണ്ടെത്തിയത്. ചാക്ക് തുറന്നപ്പോൾ, ശരീരഭാഗങ്ങൾ പല കഷണങ്ങളാക്കി മുറിച്ച് ഡ്രമ്മിനുള്ളിൽ ഒളിപ്പിച്ച നിലയിൽ യുവാവിന്റെ ജീർണിച്ച മൃതദേഹം പോലീസ് കണ്ടെത്തി.
പ്രതിയായ സ്ത്രീ ഒളിവിൽ പോകുന്നതിന് മുൻപ് വീട്ടുടുമസ്ഥന് ഒരു വോയ്‌സ് മെസ്സേജ് അയച്ചിരുന്നതായി പോലീസ് കണ്ടെത്തി. അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, ഫ്ലാറ്റിലെ ബാത്റൂമിൽ ഒരു മൃതദേഹം കിടക്കുന്നുണ്ടെന്നും പൈപ്പ് തുറന്നുവിട്ടിരിക്കുകയാണെന്നും ഇവർ മെസ്സേജിലൂടെ വീട്ടുടമസ്ഥനെ അറിയിച്ചിരുന്നു. ഈ സന്ദേശമാണ് ഒടുവിൽ കുറ്റകൃത്യം പുറത്തുകൊണ്ടുവരുന്നതിനും പോലീസ് അന്വേഷണം ആരംഭിക്കുന്നതിനും വഴിവെച്ചത്. മൻപാഡ പോലീസ് കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുന്നതിനായി പ്രത്യേക പോലീസ് സംഘത്തെ കൊൽക്കത്തയിലേക്ക് അയച്ചു.

















































