തൃശൂർ: ജയിലിൽ നിന്ന് മോചിപ്പിക്കുകയോ അല്ലെങ്കിൽ സ്വന്തം നാട്ടിലെ ജയിലിലേക്ക് മാറ്റുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊടുംകുറ്റവാളി ഗോവിന്ദച്ചാമി. വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ കഴിയുന്ന ഗോവിന്ദച്ചാമി ജയിൽ ഉദ്യോഗസ്ഥരോടാണ് ഈ ആവശ്യം ആവർത്തിച്ച് ഉന്നയിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ വർഷം കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് സാഹസികമായി രക്ഷപ്പെട്ടതിന് പിന്നാലെയാണ് ഇയാളെ വിയ്യൂർ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റിയത്.
നിലവിൽ ഒറ്റപ്പെട്ട സെല്ലിലാണ് ഗോവിന്ദച്ചാമിയെ പാർപ്പിച്ചിരിക്കുന്നത്. “ഒന്നുകിൽ മോചിപ്പിക്കണം, അല്ലെങ്കിൽ ‘എങ്ക ഊരു ജയിലുക്ക് മാത്തുങ്ക’ (എന്റെ നാട്ടിലെ ജയിലിലേക്ക് മാറ്റണം)” എന്ന ആവശ്യമാണ് ഇയാൾ ഉദ്യോഗസ്ഥരോട് ആവർത്തിച്ച് പറയുന്നതെന്നാണ് ജയിൽ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെടുന്നതിനായി ഗോവിന്ദച്ചാമി മൂന്ന് വർഷത്തോളം ആസൂത്രണം നടത്തിയിരുന്നുവെന്നാണ് അന്വേഷണ റിപ്പോർട്ട്. സെല്ലിന്റെ കമ്പികൾക്കിടയിലൂടെ കടന്നുപോകാൻ കഴിയുന്ന തരത്തിൽ 74 കിലോയിൽ നിന്ന് 55 കിലോയായി ശരീരഭാരം കുറച്ചിരുന്നു. എന്നാൽ വീണ്ടും പിടിയിലായ ശേഷം വിയ്യൂർ ജയിലിലെ ജീവിതത്തിനിടെ ഭാരം 75 കിലോയോളമായി ഉയർന്നതായും അധികൃതർ പറയുന്നു.
2025 ജൂലൈ 25-ന് പുലർച്ചെയായിരുന്നു കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ഗോവിന്ദച്ചാമി രക്ഷപ്പെട്ടത്. തുടർന്ന് പൊലീസ് നടത്തിയ വ്യാപക തിരച്ചിലിൽ ജയിൽപരിസരത്ത് നിന്ന് ഏതാനും കിലോമീറ്റർ അകലെ ഒരു കിണറ്റിൽ ഒളിച്ചിരുന്ന നിലയിൽ ഇയാളെ പിടികൂടുകയായിരുന്നു.
2011-ൽ ട്രെയിൻ യാത്രയ്ക്കിടെ സൗമ്യ എന്ന യുവതിയെ റെയിൽപാളത്തിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ് ഗോവിന്ദച്ചാമി. കൊലക്കേസിൽ ആദ്യം വധശിക്ഷ ലഭിച്ചിരുന്നെങ്കിലും പിന്നീട് സുപ്രീം കോടതി അത് ജീവപര്യന്തം തടവായി കുറച്ചിരുന്നു.



















































