തിരുവനന്തപുരം: ആശുപത്രികളിലെ പൊതിച്ചോർ വിതരണം തുടരുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്. അതു തടസപ്പെടുത്താൻ ഒരു മന്ത്രിക്കും കഴിയില്ലെന്നും പൊതിച്ചോറിൽ മന്ത്രി മണ്ണ് വാരിയിടുന്നു, മന്ത്രിക്ക് ധിക്കാരത്തിൻറെ ഭാഷയാണ്. പൊതിച്ചോറിൽ ഡിവൈഎഫ്ഐ രാഷ്‌ട്രീയം കാണിച്ചിട്ടില്ല എന്നും വികെ സനോജ് പറഞ്ഞു. ആര് തടഞ്ഞാലും പൊതിച്ചോർ വിതരണം തുടരുമെന്നും ഡിവൈഎഫ്ഐ വ്യക്തമാക്കി. അതേസമയം സർക്കാർ ആശുപത്രികളിൽ വിവിധ സംഘടനകൾ നടത്തുന്ന പൊതിച്ചോർ വിതരണത്തെ ചൊല്ലി പോര് മുറുകുകയാണ്. ആശുപതികളിൽ സംഘടനകളുടെ കൊടി കെട്ടിയുള്ള ഭക്ഷണവിതരണം ഇനി വേണ്ടെന്ന് ആരോഗ്യ മന്ത്രി പറഞ്ഞിരുന്നു.
കഴിഞ്ഞ 19 വർഷമായി സേവാഭാരതിയും 10 വർഷമായി ഡിവൈഎഫ്ഐയും സംസ്ഥാനത്തെ ആശുപത്രികളിൽ സൗജന്യ പൊതിച്ചോർ വിതരണം നടത്തുന്നുണ്ട് . ആരോഗ്യ- സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് നടപ്പാക്കുന്ന പദ്ധതി രാഷ്ട്രീയ ഭേദമില്ലാതെ ഏറെ കയ്യടി നേടിയിരുന്നു. എന്നാൽ ആശുപത്രികൾക്കകത്ത് രാഷ്ട്രീയ പ്രവർത്തനം അനുവദിക്കില്ലെന്നും കൊടികെട്ടിയുള്ള ഭക്ഷണവിതരണം എന്തുവിലകൊടുത്തും തടയുമെന്നുമാണ് ആരോഗ്യമന്ത്രിയുടെ നിലപാട്. ഡിവൈഎഫ്ഐയുടേത് മാത്രമല്ല, യൂത്ത് കോൺഗ്രസിൻറെയോ, സേവാഭാരതിയുടെയൊ രാഷ്ട്രീയ പ്രവർത്തനം ആശുപത്രിക്ക് ഉള്ളിൽ അനുവദിക്കില്ല. പകരം ആശുപതികളിൽ കമ്മ്യൂണിറ്റി കിച്ചൻ തുടങ്ങാനാണ് സർക്കാരിൻറെ നീക്കം. കമ്മ്യൂണിറ്റി കിച്ചൻ എങ്ങനെ വേണം എന്നതിൽ തുടർ ചർച്ചയ്ക്ക് ആരോഗ്യവകുപ്പ് തയ്യാറെടുക്കുകയാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
അതേസമയം പൊതിച്ചോറിൻറെ കാര്യത്തിൽ എന്തിനാണ് ശത്രുത മനോഭാവമെന്നാണ് മുൻമന്ത്രി മുഹമ്മദ് റിയാസ് ചോദിച്ചത്. ഡിവൈഎഫ്ഐ ഉൾപെടെയുള്ള സംഘടനയുമായി ചർച്ച ചെയ്യണമെന്നും ആരോഗ്യമന്ത്രി ഈഗോ ഒഴിവാക്കണമെന്നും റിയാസ് പറഞ്ഞു. കൊടിയും ബാനറും വെക്കുന്നതിൽ എന്താണ് പ്രശ്നമെന്നാണ് ഡിവൈഎഫ്ഐയുടെ ചോദ്യം. അതുപോലെ, ഭക്ഷണപ്പൊതി വിതരണം ചെയ്യുന്നതിൽ രാഷ്ട്രീയം കാണേണ്ട ഒരു കാര്യവുമില്ലെന്നാണ് ബിജെപി പറയുന്നത്. പൊതിച്ചോറ് കഴിച്ചവരൊക്കെ അതു കൊടുത്തവർക്ക് വോട്ടുചെയ്തിരുന്നെങ്കിൽ കെ. മുരളീധരൻ ഉൾപ്പെടെ പലരും സഭ കാണുമായിരുന്നില്ലെന്നും കെ. സുരേന്ദ്രൻ പരിഹസിച്ചു. കമ്യൂണിറ്റി കിച്ചൻ ഒന്നും കേരളത്തിൽ നടപ്പാവില്ലെന്നും ഈ കാര്യത്തിൽ ദുരഭിമാനം വെടിയുന്നതായിരിക്കും ആരോഗ്യവകുപ്പിന് നല്ലതെന്നും കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ പ്രതികരിച്ചു.


















































