ആലുവ: മോഷണക്കേസിൽ കളമശേരി പോലീസ് അറസ്റ്റ് ചെയ്ത പ്രതി വൈദ്യപരിശോധനയ്ക്കിടെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. അസം സ്വദേശി അബ്ദുൽ അലി (24) ആണ് പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. ഇന്നു പുലർച്ചെ 2 മണിയോടെയായിരുന്നു സംഭവം. കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്തേക്കാണ് ഇയാൾ ഓടി രക്ഷപ്പെട്ടത്. രക്ഷപ്പെടുമ്പോൾ ഇരു കൈകളിലും വിലങ്ങുണ്ടായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
ഇയാൾക്കായി പോലീസ് വ്യാപക തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പച്ച ടി-ഷർട്ടും നീല ജീൻസുമാണ് ഇയാൾ ധരിച്ചിരുന്നത്. കളമശേരി മെട്രോ സ്റ്റേഷൻ പരിസരത്ത് നിന്ന് ചെമ്പ് കമ്പി മോഷ്ടിക്കുന്നതിനിടെയാണ് അബ്ദുൽ അലിയെ പോലീസ് പിടികൂടിയത്. രക്ഷപ്പെട്ട പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.


















































