ചെന്നൈ: മുസ്ലിം ലീഗ് സ്ഥാപകനായ ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മയിലിന്റെ 131-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ചെന്നൈയിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് പങ്കെടുത്തു. ട്രിപ്ലിക്കെനിലെ ഖാഇദെ മില്ലത്തിന്റെ കബറിടത്തിൽ നടന്ന പ്രത്യേക പ്രാർത്ഥനാ ചടങ്ങിലാണ് മുഖ്യമന്ത്രി സാന്നിധ്യം അറിയിച്ചത്.
മുസ്ലിം ലീഗ് നേതാക്കളോടൊപ്പം കബറിടത്തിലെത്തി ഖാഇദെ മില്ലത്തിന്റെ സ്മരണയ്ക്ക് മുന്നിൽ മുഖ്യമന്ത്രി ആദരാഞ്ജലി അർപ്പിച്ചു. മുസ്ലിം ലീഗിന്റെയും തമിഴ്നാട് സർക്കാരിന്റെയും പ്രമുഖ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. പ്രാർത്ഥനാ ചടങ്ങുകൾക്ക് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നേതൃത്വം നൽകി. മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ് ഖാദർ മൊയ്തീൻ, വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, തമിഴ്നാട് മന്ത്രി എ.എം. ഷാജഹാൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ഖാഇദെ മില്ലത്തിന്റെ ജന്മവാർഷിക ദിനത്തിൽ മുഖ്യമന്ത്രി സി. ജോസഫ് വിജയും മുസ്ലിം ലീഗ് നേതൃത്വവും ഒരേ വേദിയിൽ ഒന്നിച്ചെത്തിയത് രാഷ്ട്രീയ വൃത്തങ്ങളിലും ശ്രദ്ധനേടി. സാമൂഹിക-രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖരും ചടങ്ങിൽ സാന്നിധ്യം അറിയിച്ചു.


















































