കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജ് ജീവനൊടുക്കിയ കേസിലെ മുഖ്യപ്രതിയായ അധ്യാപകൻ ഡോ. എം.കെ റാം മൂന്നര മാസങ്ങൾക്കു ശേഷം പിടിയിൽ. ഒളിവിൽ പോയ പ്രതിയെ കുടകിൽ നിന്നാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ നേരത്തെ സുപ്രിംകോടതി തള്ളിയിരുന്നു. പ്രതിയെ കണ്ണൂരിലെത്തിച്ചു.
ക്ലാസ് മുറിയിൽവച്ച് നിതിൻ രാജ് അധിക്ഷേപിക്കപ്പെട്ടുവെന്ന് നിരീക്ഷിച്ചാണ് സുപ്രിംകോടതി പ്രതിയുടെ ജാമ്യാപേക്ഷ നേരത്തെ തള്ളിയത്. മറ്റ് വിദ്യാർഥികളുടെ മുന്നിൽവച്ചാണ് അധിക്ഷേപിച്ചതെന്ന് മൊഴിയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. മുൻകൂർ ജാമ്യം തള്ളുന്നത് മറ്റ് അധ്യാപകർക്കുള്ള സന്ദേശമാണ്. വിദ്യാർഥികളോട് മോശമായി പെരുമാറുന്ന അധ്യാപകർ കാലം മാറിയെന്ന് തിരിച്ചറിയണമെന്നും സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു. അതുപോലെ ഇത്രയും നാളായി പ്രതിയെ പിടികൂടാത്തതിൽ പോലീസിനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു.
അതേസമയം കഴിഞ്ഞ ഏപ്രിൽ 10നാണ് തിരുവനന്തപുരം സ്വദേശിയായ നിതിൻ രാജ് കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിൽ ആത്മഹത്യ ചെയ്തത്. കോളജിലെ അധ്യാപകരിൽ നിന്നും കടുത്ത മാനസിക പീഡനങ്ങളും ജാതി അധിക്ഷേപങ്ങളും കുട്ടി നേരിട്ടിരുന്നതായി കുടുംബം ആരോപിച്ചിരുന്നു. ഇതേത്തുടർന്ന് വ്യാപകമായ വിദ്യാർഥി പ്രക്ഷോഭങ്ങളാണ് ക്യാമ്പസിലും പുറത്തും അരങ്ങേറിയത്. കടുത്ത ജനരോഷത്തെ തുടർന്ന് പ്രതിയായ ഡോ. റാമിനെ കോളേജ് മാനേജ്മെന്റ് പിന്നീട് ജോലിയിൽ നിന്നും പുറത്താക്കിയിരുന്നു. നിതിൻ രാജിന്റെ മരണത്തിൽ അധ്യാപകനെതിരെ ഗുരുതര ആരോപണങ്ങളുമായി മറ്റ് വിദ്യാർഥികളും രംഗത്തെത്തുകയും ചെയ്തിരുന്നു.
















































