കോട്ടയം: കൂരോപ്പട ലാക്കാട്ടൂരിൽ കൂട്ട ആത്മഹത്യയ്ക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന കുടുംബനാഥൻ തോമസ് എബ്രഹാമും (50) മരണത്തിന് കീഴടങ്ങി. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം. തോമസിൻറെ ഭാര്യയും മൂത്ത മകളും ശനിയാഴ്ച മരിച്ചിരുന്നു. മൂത്ത മകളായിരുന്നു ആദ്യം മരിച്ചത്. പിന്നാലെ അമ്മയും മരണത്തിനു കീഴടങ്ങുകയായിരുന്നു. അതേസമയം മകൻ നിലവിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
ചിറപ്പുറത്ത് തോമസ് എബ്രഹാം, ഭാര്യ ജോസ്ന, മൂത്ത മകൾ മരിയ എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ജൂലൈ 13-നായിരുന്നു ഒരു കുടുംബം മുഴുവൻ കൂട്ട ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അന്ന് ഉച്ചയ്ക്ക് ശേഷം ജോസ്നയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന് സഹോദരൻ വീട്ടിലെത്തിയപ്പോഴാണ് കുടുംബാംഗങ്ങളെ അവശനിലയിൽ കണ്ടെത്തിയത്. വീടിനുള്ളിൽ കളനാശിനിയുടെ കുപ്പി കണ്ടെത്തിയിരുന്നു. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ നാലുപേരെയും ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
അതേസമയം കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ജീവനൊടുക്കുക എന്ന തീരുമാനത്തിലേക്ക് കുടുംബത്തെ നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. കർഷകനായ തോമസും, പ്രാദേശിക സഹകരണ ബാങ്കിൽ താൽക്കാലിക ജീവനക്കാരിയായ ജോസ്നയും ചേർന്നാണ് കുടുംബം പുലർത്തിയിരുന്നത്. മരിച്ച മരിയ മാറ്റക്കര എച്ച്എസ്എസ് സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ്. പാമ്പാടി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുന്നു.

















































