റാഞ്ചി: ജാർഖണ്ഡിൽ മൊബൈലും പണവും മോഷ്ടിച്ചുവെന്ന് ആരോപിച്ച് ദലിത് വിദ്യാർഥിയെ നഗ്നനാക്കി ആക്രമിച്ച് സഹവിദ്യാർഥികൾ. വിദ്യാർഥിയെ നാല് മണിക്കൂറോളം പ്രതികൾ ലൈംഗികമായി ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. സംസ്ഥാനത്തെ ഒരു റെസിഡൻഷ്യൽ സ്‌കൂളിലാണ് സംഭവം.
ജൂലൈ 14ന് രാത്രിയായിരുന്നു സംഭവം. ഉറങ്ങിക്കിടക്കുകയായിരുന്ന 16കാരനെ പ്രതികൾ വായ മൂടിക്കെട്ടി വലിച്ചിഴച്ച് മറ്റൊരു മുറിയിലേക്ക് മാറ്റിയ ശേഷം മൂന്ന് പേർ ബെൽറ്റ് ഉപയോഗിച്ച് തല്ലിയതായും മറ്റുള്ളവർ അത് മൊബൈലിൽ പകർത്തിയതായും വിദ്യാർഥി ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു.
കൂടാതെ മുറിവുകളിൽ ഉപ്പ് പുരട്ടി അക്രമിച്ചുവെന്നും ലൈംഗികമായി പീഡിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും മൊഴിയിൽ പറയുന്നു. ജാതി അധിക്ഷേപം നേരിട്ടതായും സംഭവിച്ച കാര്യങ്ങൾ പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന ഭീഷണി ഉണ്ടായിരുന്നുവെന്നും വിദ്യാർഥി പറഞ്ഞു.
അതേസമയം സംഭവത്തിൽ ആറ് പേർക്കെതിരെ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. എന്നാൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. 16കാരനെ ആക്രമിച്ച മുഴുവൻ വിദ്യാർഥികളെയും സ്‌കൂൾ സസ്പെൻഡ് ചെയ്തു. നിലവിൽ 16കാരൻ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. മകൻ ഇതിനുമുമ്പും ജാതി അധിക്ഷേപം നേരിട്ടുണ്ടെന്ന് വിദ്യാർഥിയുടെ പിതാവ് പറയുന്നു.
പ്രതികൾക്കെതിരെ പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരം കേസെടുക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും കുടുംബം ആവശ്യപ്പെട്ടു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.

















































