വാഷിങ്ടൺ: ഇറാൻ- യുഎസ് സമാധാന കരാർ ഒപ്പുവെച്ചെന്ന് സ്ഥിരീകരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾ ട്രംപ്. എല്ലാ കരാറുകളും ഒപ്പ് വെച്ചു, ഹോർമൂസ് കടലിടുക്ക് വെള്ളിയാഴ്ചയോടെ തുറക്കും എന്നാണ് ഡൊണാൾഡ് ട്രംപ് അറിയിച്ചത്. ഇറാൻ ആണവായുധം ഉണ്ടാക്കില്ലെന്ന് ഉറപ്പായെന്നും ഇരുരാജ്യങ്ങളും തമ്മിൽ ശക്തമായ നയന്ത്രത്തിൽ ഏർപ്പെട്ടെന്നും ട്രംപ് വ്യക്തമാക്കി. കരാറുമായി സംബന്ധിച്ച എല്ലാ വിവരങ്ങളും ഉടൻ പുറത്ത് വിടുമെന്നും ട്രംപ് പറഞ്ഞു.
ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി ജി7 ഉച്ചകോടിക്ക് മുമ്പായി നടത്തിയ ഇരുപക്ഷ ചർച്ചകൾക്കിടെയാണ് ട്രംപ് ഈ പ്രഖ്യാപനം നടത്തിയത്. കടലിടുക്ക് ഇതിനകം ഭാഗികമായി തുറന്നതായും, മൈനുകൾ നീക്കം ചെയ്യുന്നതിനായി സുരക്ഷാ പ്രവർത്തനങ്ങൾ (ഹണ്ടിംഗ്) പുരോഗമിക്കുകയാണെന്നും ട്രംപ് വെളിപ്പെടുത്തി.
അതുപോലെ ഇറാനുമായി കൈവരിച്ച കരാറിനെ ട്രംപ് അഭിനന്ദിച്ചു. ഫെബ്രുവരി 28-ന് യുഎസ്–ഇസ്രയേൽ യുദ്ധത്തിന്റെ ആദ്യ ദിവസത്തിൽ ഇറാന്റെ സുപ്രീം ലീഡർ ആയത്തുള്ള അലി ഖമേനിയുടെ മരണത്തിന് പിന്നാലെ, ടെഹ്‌റാനിലെ പുതിയ നേതൃത്വവുമായി വാഷിംഗ്ടൺ നല്ല ബന്ധത്തിലാണെന്നും ട്രംപ് വ്യക്തമാക്കി.
“ആദ്യ നേതാക്കൾ പോയി, രണ്ടാമത്തേവരും പോയി, മൂന്നാമത്തെ നേതൃത്വമാണ് ബുദ്ധിപരമായി പ്രവർത്തിച്ചത്… ഒടുവിൽ ഒരു കരാറിലെത്താനായി,” എന്നാണ് ട്രംപ് പറഞ്ഞത്. എന്നാൽ അദ്ദേഹം സൂചിപ്പിച്ച നേതാക്കളെക്കുറിച്ച് വ്യക്തമാക്കിയില്ല.
മധ്യപൂർവേഷ്യയിൽ ഇനി നല്ല മാറ്റങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ട്രംപ് പറഞ്ഞു. വെള്ളിയാഴ്ച നടക്കുന്ന കരാർ ഒപ്പിടൽ ചടങ്ങിൽ യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ ചടങ്ങ് എവിടെ നടക്കുമെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.


















































