ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഡെറാഡൂൺ നഗരത്തിൽ വിവാഹിതയായ യുവതിയെ ഭർത്താവും ഭർതൃ മാതാപിതാക്കളും ചേർന്ന് വീട്ടിൽ പത്ത് മാസം ഒരു മുറിയിലും ടോയ്ലറ്റിലുമായി പൂട്ടിയിട്ട് നിരന്തരം പീഡിപ്പിച്ചെന്ന് പരാതി. യുവതിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സെലക്കുയി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.
യുവതിയുടെ പരാതിയിൽ ഭർത്താവ് രാഹുൽ ഖണ്ഡൂരിയും അദ്ദേഹത്തിന്റെ മാതാപിതാക്കളും പ്രതികൾ. രണ്ട് വർഷം മുമ്പാണ് രാഹുലിന്റെയും യുവതിയുടേയും വിവാഹം നടന്നത്. 2025 ഫെബ്രുവരിയിൽ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയ ശേഷം യുവതി ഭർത്താവിന്റെ വീട്ടിൽ തുടരുകയായിരുന്നു. ഭർത്താവ് ഡൽഹിയിൽ ജോലി ചെയ്തതിനാൽ അവൾ മിക്ക സമയവും ഭർതൃ മാതാവിനുമ അച്ഛനും ഒപ്പമാണ് താമസിച്ചിരുന്നത്.
യുവതിയുടെ പിതാവിന്റെ പരാതിയിൽ പറയുന്നതു പ്രകാരം കഴിഞ്ഞ വർഷം ജൂലൈ മുതൽ അവളെ വീട്ടിലെ ഒരു മുറിയിലും ടോയ്ലറ്റിലുമായി പൂട്ടിയിട്ട് ശാരീരികവും മാനസികവുമായി തടർച്ചയായി പീഡിപ്പിച്ചു. ഭക്ഷണമായി പച്ചരി, ഉള്ളി, മുളക് എന്നിവ മാത്രം നൽകിയിരുന്നുവെന്നും ഇത് മൂലം ആരോഗ്യനില തകരാറിലായെന്നും അദ്ദേഹം ആരോപിക്കുന്നു. ഭർത്താവ് വീട്ടിലെത്തുന്ന സമയങ്ങളിലും മർദ്ദനവും അവഗണനയും തുടരുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു.
കൂടാതെ, ഡ്രെയിൻ പൈപ്പുകൾ, ഇരുമ്പ് റോഡുകൾ, കസേരകൾ, ക്ലീനിംഗ് ഉപകരണങ്ങൾ എന്നിവ ഉപയോഗിച്ച് യുവതിയെ മർദ്ദിച്ചതായും സ്വകാര്യ ഭാഗങ്ങളിൽ കുപ്പികളും കോലുകളും ഉപയോഗിച്ച് പരുക്കേൽപ്പിച്ചതായും പരാതിയിൽ പറയുന്നു. തലയിൽ നിന്ന് മുടി വലിച്ചുപറിച്ച് തലയിൽ വലിയ പരിക്കുകൾ ഉണ്ടാക്കി. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതിയുടെ കുടുംബം ആരോപിക്കുന്നു.
മാത്രമല്ല ഈ പത്ത് മാസംക്കാലം യുവതിയെ സ്വന്തം കുടുംബാംഗങ്ങളുമായി ബന്ധപ്പെടാൻ അനുവദിച്ചിരുന്നില്ല. ഫോൺ വഴി സംസാരിക്കാനും വീട്ടിലേക്ക് വരുന്നതും തടസപ്പെടുത്തിയിരുന്നു. കുട്ടികളെയും കാണാൻ പോലും അനുവദിച്ചില്ല. പലതവണ ബന്ധപ്പെടാൻ ശ്രമിച്ചപ്പോഴും “അവൾ ഉറങ്ങുകയാണ്” അല്ലെങ്കിൽ “കുളിക്കുകയാണ്” എന്നായിരുന്നു വീട്ടുകാരുടെ മറുപടി എന്നും അദ്ദേഹം പറയുന്നു. എന്നാൽ രാവിലെ മുതൽ രാത്രി വരെ മുറിയിലോ ടോയ്ലറ്റിലോ പൂട്ടിയിട്ടാണ് തന്റെ മകളെ പീഡിപ്പിച്ചതെന്നും മനുഷ്യനെന്ന നിലയിൽ ലഭിക്കേണ്ട അടിസ്ഥാന മാന്യത പോലും നിഷേധിക്കപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
കുടുംബാംഗങ്ങൾ വീട്ടിലെത്താൻ ശ്രമിച്ചപ്പോൾ പോലും അകത്ത് കടക്കാൻ അനുവദിച്ചില്ലെന്നും, കുറച്ച് ദിവസങ്ങൾ കഴിഞ്ഞ് വരൂ എന്ന് പറഞ്ഞ് തടഞ്ഞുവെന്നും, മകളുടെ കുടുംബജീവിതം തകർക്കുകയാണെന്ന് ആരോപിച്ചുവെന്നും പരാതിയിൽ പറയുന്നു. സംഭവം പുറത്തുവന്നതോടെ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെ പിടികൂടുന്നതിനും കർശന നടപടി സ്വീകരിക്കുന്നതിനുമുള്ള നീക്കങ്ങൾ പുരോഗമിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു.


















































