തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവത്തിൽ ഡിസിസി അംഗം ചേന്തി അനിലിനെ അറസ്റ്റ് ചെയ്തതിനെതിരെ ഡിസിസി അംഗം സുഹൈൽ ഷാജഹാൻ. ഏത് ഗ്രൂപ്പുപോരിന്റെ ഭാഗമായാലും ചേന്തി അനിലിനെ പോലൊരാളെ അറസ്റ്റ് ചെയ്തത് പ്രതിഷേധാർഹമാണെന്ന് അദ്ദേഹം പറഞ്ഞു.
‘ഇതൊരു ജനാധിപത്യ പാർട്ടി അല്ലേ? കോൺഗ്രസ് അധികാരത്തിലിരിക്കുമ്പോൾ കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്യുന്നത് പ്രതിഷേധാർഹമാണ്’ എന്ന് സുഹൈൽ ഷാജഹാൻ പ്രതികരിച്ചു.
മുഖ്യമന്ത്രിയുടെ സമീപനം ശരിയായിരുന്നില്ലെന്നും അറസ്റ്റ് മോശം നടപടിയായിരുന്നെന്നും അദ്ദേഹം ആരോപിച്ചു. കേസെടുക്കേണ്ടെന്നാണ് ആദ്യം മുഖ്യമന്ത്രിയുടെ ഓഫീസ് പറഞ്ഞതെന്നും പിന്നീട് ആരുടെ നിർദേശപ്രകാരമാണ് കേസെടുക്കുകയും അറസ്റ്റ് നടത്തുകയും ചെയ്തതെന്നും സുഹൈൽ ഷാജഹാൻ ചോദിച്ചു.
തിരുവനന്തപുരം ചേന്തിയിലെ ശ്രീനാരായണ സാംസ്കാരിക നിലയത്തിൽ നടന്ന ചതയദിന പരിപാടിയിൽ മുഖ്യമന്ത്രി വി ഡി സതീശൻ പങ്കെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് ചേന്തി അനിലിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞത്.
വാഹനം നിർത്തി പുറത്തിറങ്ങിയ മുഖ്യമന്ത്രി സംഭവത്തിൽ കടുത്ത രോഷത്തോടെ പ്രതികരിച്ചതോടെ സ്ഥലത്ത് അസാധാരണ രംഗങ്ങളുണ്ടായി. ‘മര്യാദയ്ക്ക് സംസാരിക്കണം’ എന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോൾ ‘മര്യാദയ്ക്ക് സംസാരിച്ചില്ലെങ്കിൽ താൻ എന്ത് ചെയ്യുമെന്ന്’ ചേന്തി അനിൽ തിരിച്ചുചോദിച്ചു. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ചേന്തി അനിലിനെ പിടിച്ചുമാറ്റുകയായിരുന്നു.
പിന്നാലെയാണ് ചേന്തി അനിലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ജോലി തടസ്സപ്പെടുത്തിയെന്നും അപമര്യാദയായി പെരുമാറിയെന്നും ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.






