തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവിസംബന്ധിച്ച തർക്കത്തിൽ എൽ.ഡി.എഫ്. നേതാക്കൾ സമവായചർച്ചകളുടെ പ്രതീക്ഷ പങ്കുവെച്ചെങ്കിലും സ്വരം കടുപ്പിച്ച് മുതിർന്നനേതാക്കൾ. പ്രതിപക്ഷ ഉപനേതൃപദവിയിൽ അവസാനവാക്ക് പറയാൻ പിണറായി വിജയൻ ആരാണെന്ന് മുതിർന്ന സി.പി.ഐ. നേതാവ് സി. ദിവാകരൻ ചോദിച്ചു. തർക്കം സീമകളെല്ലാം ലംഘിച്ച്, പരസ്യമായ കലഹമായിമാറിയതിൽ സി.പി.എം.-സി.പി.ഐ. ദേശീയ നേതാക്കൾക്കും നീരസമുണ്ടെന്നാണ് വിവരം.
ഉപനേതൃസ്ഥാനം സി.പി.എമ്മിനുതന്നെയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞതു തള്ളി, എൽ.ഡി.എഫ്. കൺവീനർ ടി.പി. രാമകൃഷ്ണൻ മാധ്യമങ്ങൾക്കുമുന്നിൽ നടത്തിയ പരസ്യപ്രസ്താവന കേന്ദ്രനേതൃത്വത്തിന്റെ ഇടപെടലിന്റെ ഫലമാണെന്നും അറിയുന്നു. സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗം സി.എൻ. മോഹനനും മുൻമന്ത്രി വി. ശിവൻകുട്ടിയും പ്രശ്നത്തിൽ സി.പി.ഐക്കെതിരേ അതിരൂക്ഷമായി പ്രതികരിച്ചിരുന്നു.
എല്ലാം താനെന്ന ഭാവം ഒരു കമ്യൂണിസ്റ്റുകാരനു യോജിച്ചതല്ലെന്ന് പിണറായി വിജയനെ കടുത്തഭാഷയിൽ ഓർമ്മിപ്പിച്ച് സി.പി.ഐ. നേതാവ് സത്യൻ മൊകേരി പാർട്ടി പത്രത്തിൽ ലേഖനമെഴുതിയതും മുന്നണിയിലും പുറത്തും ചർച്ചയും വിവാദവുമായിരുന്നു. മൊകേരിയെ പിന്തുണച്ച് എ.കെ.എസ്.ടി.യു. ജനറൽ സെക്രട്ടറി ഒ.കെ. ജയകൃഷ്ണൻ ഉൾപ്പെടെയുള്ള സി.പി.ഐ. പോഷകസംഘടനാ നേതാക്കളും സാമൂഹികമാധ്യമങ്ങളിൽ അണിനിരന്നതോടെ, കലഹം മൂർച്ഛിച്ചു. തർക്കം കൊഴുക്കുന്നതിനിടെയാണ് സി. ദിവാകരൻ രംഗത്തുവന്നത്. ഇതിനു മറുപടിനൽകി എരിതീയിൽ എണ്ണയൊഴിക്കാൻ എൽ.ഡി.എഫ്. കൺവീനർ ടി.പി. രാമകൃഷ്ണൻ മുതിർന്നില്ല. ടി.പി.യുടെ പ്രസ്താവന സ്വാഗതംചെയ്യുന്നുവെന്നും ചർച്ചകൾക്ക് എക്കാലവും സി.പി.ഐ. വാതിൽ തുറന്നുവെക്കുമെന്നും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും പ്രതികരിച്ചു.






