ഒഡേസ: റഷ്യൻ മിസൈൽ ആക്രമണത്തിൽ കുടുംബവീട് തകർന്നതിന്റെ വേദന പങ്കുവെച്ച് യുക്രെയ്ൻ ടെന്നീസ് താരം ദയാന യാസ്‌ട്രെംസ്‌ക. യുക്രെയ്‌നിലെ ഒഡേസയിൽ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിലാണ് വലിയ അപാർട്‌മെന്റ് സമുച്ചയത്തിന്റെ ഒരു ഭാഗം തകർന്നത്. ഈ കെട്ടിടത്തിലായിരുന്നു യാസ്‌ട്രെംസ്‌കയുടെ കുടുംബവീടും.
ആക്രമണത്തിന്റെ ചിത്രങ്ങളും താരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചു. അവശിഷ്ടങ്ങൾക്കിടയിൽ ഫ്രഞ്ച് ഓപ്പണിനിടെ ഉപയോഗിക്കുന്ന ടെന്നീസ് ടവ്വലും കാണാം. ആക്രമണത്തെ അതിജീവിച്ച് അവശേഷിച്ച ഏക വസ്തു റോളണ്ട് ഗാരോസ് ടവ്വലാണെന്നും യാസ്‌ട്രെംസ്‌ക കുറിച്ചു.
‘ഇതാണ് റഷ്യയുടെ യഥാർഥ മുഖം. ഒരു കാലിബർ ക്രൂയിസ് മിസൈലിന്റെ ആക്രമണത്തിൽ ഒഡേസയിലെ ഞങ്ങളുടെ അപാർട്‌മെന്റ് തകർന്നു. ഒരു റോളണ്ട് ഗാരോസ് ടവ്വൽ മാത്രമാണ് ബാക്കിയായത്’ എന്നായിരുന്നു താരത്തിന്റെ കുറിപ്പ്.
പ്രതിസന്ധി ഘട്ടത്തിൽ വനിതാ ടെന്നീസ് അസോസിയേഷനും ഇന്റർനാഷണൽ ടെന്നീസ് ഫെഡറേഷനും നടപടിയെടുക്കണമെന്നും പിന്തുണ നൽകണമെന്നും യാസ്‌ട്രെംസ്‌ക ആവശ്യപ്പെട്ടു. റഷ്യൻ ആക്രമണങ്ങളെക്കുറിച്ച് നേരത്തെയും താരം സോഷ്യൽ മീഡിയയിൽ കുറിപ്പുകൾ പങ്കുവെച്ചിട്ടുണ്ട്. 2024 ഡിസംബറിൽ തന്റെ മുത്തശ്ശി താമസിച്ചിരുന്ന കെട്ടിടത്തിനും റഷ്യൻ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചതായി അവർ വ്യക്തമാക്കിയിരുന്നു.
ഈ വർഷം ഓഗസ്റ്റിലാണ് യാസ്‌ട്രെംസ്‌ക അവസാനമായി കോർട്ടിലിറങ്ങിയത്. യുഎസ് ഓപ്പണിന്റെ ആദ്യ റൗണ്ടിൽ ലുക്രേസിയ സ്റ്റെഫാനിയോട് താരം പരാജയപ്പെട്ടു. 2024ലെ ഓസ്‌ട്രേലിയൻ ഓപ്പണിൽ സെമിഫൈനലിലും യാസ്‌ട്രെംസ്‌ക എത്തിയിരുന്നു.






