കൊച്ചി: സംസ്ഥാനത്ത് ലഹരി മാഫിയയെ അമർച്ച ചെയ്യാൻ കേരള സർക്കാർ നടപ്പാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിക്ക് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് പിന്തുണ പ്രഖ്യാപിച്ചു. സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ചെന്നൈയിൽ വിജയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.
കേരള പോലീസും എക്സൈസ്, വിദ്യാഭ്യാസം, ആരോഗ്യം എന്നീ വകുപ്പുകളും സംയുക്തമായി നടപ്പാക്കുന്ന ലഹരി വിരുദ്ധ ദൗത്യത്തിന് പൂർണ പിന്തുണ നൽകുമെന്ന് വിജയ് അറിയിച്ചു. ലഹരി വിരുദ്ധ ബോധവത്കരണ പരിപാടിയുടെ ഭാഗമായി ഉടൻ കൊച്ചിയിലെത്തി പൊതുപരിപാടിയിൽ പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരള പോലീസിനൊപ്പം തമിഴ്നാട് പോലീസും ലഹരി കടത്ത് തടയുന്നതിനും അതിർത്തി മേഖലകളിൽ സംയുക്ത നടപടികൾ ശക്തമാക്കുന്നതിനും സഹകരിക്കുമെന്ന് കൂടിക്കാഴ്ചയിൽ ധാരണയായി. ലഹരിക്കെതിരായ പോരാട്ടത്തിൽ രണ്ട് സംസ്ഥാനങ്ങളും കൈകോർക്കുന്നതോടെ അതിർത്തി കടന്നുള്ള മയക്കുമരുന്ന് ശൃംഖലകൾക്ക് ശക്തമായ തിരിച്ചടി നൽകാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.


















































