മുംബൈ: അമ്മയുടെ വിയോഗത്തിനിടയിലും കളത്തിലിറങ്ങി ചെന്നൈ സൂപ്പർ കിംഗ്‌സിൻ്റെ പേസർ മുകേഷ് ചൗധരി. ഒരു വർഷത്തോളമായി അസുഖബാധിതയായിരുന്ന മുകേഷിന്റെ മാതാവ് പ്രേം ദേവി മുംബൈയിലെ ടാറ്റ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയായിരുന്നു മരണപ്പെട്ടത്. സഹോദരൻ ഡോ. രാജേഷ് എന്നിവരോടൊപ്പം അന്തിമകർമ്മങ്ങൾ നിർവഹിച്ച ശേഷം ടീമിനൊപ്പം ജോയിൻ ചെയ്യുകയായിരുന്നു മുകേഷ്.
രാജസ്ഥാനിലെ ഭിൽവാര ജില്ലയിലെ പർദോദാസ് ഗ്രാമം സ്വദേശിയായ മുകേഷ്, മഹാരാഷ്ട്രയിൽ സ്ഥിരതാമസമാക്കിയ കുടുംബത്തിൽ നിന്നാണ് വരുന്നത്. അദ്ദേഹത്തിൻ്റെ പിതാവ് ഗോപാൽ ചൗധരി ബിസിനസ് രംഗത്താണ് പ്രവർത്തിക്കുന്നത്. അമ്മയുടെ വിയോഗത്തിനു പിന്നാലെ ഏതാനും ദിവസങ്ങൾക്കകം തന്നെ, മുകേഷ് മുംബൈ ഇന്ത്യൻസ്ക്കെതിരായ മത്സരത്തിൽ കളത്തിലിറങ്ങി വിക്കറ്റെടുക്കുകയും ചെയ്തു. 7 റൺസെടുത്ത മുംബൈയുടെ ഡീ കോക്കിന്റെ കുറ്റിയാണ് മുകേഷ് പിഴുതത്.
അതേസമയം ഈ ജയം മുകേഷിനു സമർപ്പിക്കുന്നുവെന്ന് മത്സരശേഷം സിഎസ്കെ നായകൻ ഋതുരാജ് ഗെയ്ക്വാദ് പറഞ്ഞു. വ്യക്തിപരമായ ദുഖത്തിനിടയിലും അവൻ ടീമിനൊപ്പം ചേർന്നു. ഈ വിജയം അവന് സമർപ്പിക്കുന്നുവെന്നായിരുന്നു ഗെയ്ക്വാദിന്റെ പ്രതികരണം. മുകേഷിന്റെ അമ്മയുടെ സ്മരണാർത്ഥം ടീമിലെ എല്ലാ താരങ്ങളും കറുത്ത ബാഡ്ജ് കയ്യിൽ ധരിച്ചാണ് കളത്തിലിറങ്ങിയത്. “മുകേഷിനൊപ്പമുള്ള ഐക്യദാർഢ്യത്തിൻ്റെയും അവൻ്റെ അമ്മയുടെ സ്മരണയുടെയും ഭാഗമായി, ഇന്ന് ഞങ്ങൾ കുറച്ച് കൂടി ഹൃദയത്തോടെ കളിക്കും,” എന്ന് ചെന്നൈ സൂപ്പർ കിംഗ്സ് സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു.
അതേസമയം അമ്മയെ നഷ്ടപ്പെട്ട ചെന്നൈ സൂപ്പർകിങ്‌സ് പേസർ മുകേഷ് ചൗധരിക്ക് താങ്ങായത് എംഎസ് ധോണിയായിരുന്നു. അമ്മയുടെ വിയോഗത്തിൽ മുകേഷിന് ആശ്വാസവും പിന്തുണയുമായി ധോനി കൂടെയുണ്ടായിരുന്നു. ഈ വിഷമഘട്ടത്തിൽ ധോനി, മുകേഷുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. കൂടാതെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മുകേഷിന്റെ മാതാവിനെ സന്ദർശിക്കാനും ധോനി സമയം കണ്ടെത്തിയിരുന്നു.















































