തിരുവനന്തപുരം: ‘പോടാ പുല്ലേ പോലീസേ, പിണറായിയുടെ തെമ്മാടികളെ‘ എ.ന്നിങ്ങനെ പോലീസിനെതിരെ മുദ്രാവാക്യം വിളിച്ചതിനെക്കുറിച്ച് വിശദീകരണവുമായി മുൻ ഡിജിപിയും കൗൺസിലറുമായ ആർ. ശ്രീലേഖയുടെ ഫേസ്ബുക്ക് പോസ്റ്റ്. 33 വർഷക്കാലം സേനയിൽ അധിമാനത്തോടെ പ്രവർത്തിച്ച താൻ അത്തരത്തിൽ മുദ്രാവാക്യം വിളിച്ചതിന്റെ കാരണങ്ങളാണ് ശ്രീലേഖ തന്റെ പോസ്റ്റിലൂടെ പറയുന്നത്. സിപിഎം നേതാക്കളുടെ നിർദ്ദേശപ്രകാരം വട്ടിയൂർക്കാവ് SHO വിപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം BJP പ്രവർത്തകരെ മാത്രം തിരഞ്ഞു പിടിച്ച് കേസുകൾ എടുക്കുന്നുവെന്നാണ് ശ്രീലേഖ ആരോപിക്കുന്നത്. നാണം തോന്നും ഇങ്ങനെയുള്ള ഒരു സേനയിലായിരുന്നോ ഇത്ര നാൾ പ്രവർത്തിച്ചതെന്ന് ഓർത്തെന്നും പോസ്റ്റിലൂടെ പറയുന്നു
ആർ. ശ്രീലേഖയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം
DGP പദവിയിൽ നിന്ന് വിരമിച്ച ഞാൻ ..
33 വർഷത്തിലധികം പോലീസ് സേനയിൽ അഭിമാനത്തോടെ പ്രവർത്തിച്ച ഞാൻ..
ഇതുപോലെ പോലീസിനെതിരെ വിളിക്കണമെങ്കിൽ എന്തായിരിക്കും കാരണം??
വട്ടിയൂർക്കാവ് SHO വിപിൻ, SI ദീപു പിള്ള, മറ്റു 7,8 പോലീസുകാർ ചേർന്ന് കഴിഞ്ഞ ഒരു മാസത്തിലേറേയായി BJP പ്രവർത്തകരെ മാത്രം തിരഞ്ഞു പിടിച്ച് കേസുകൾ
എടുത്ത്, മർദ്ദിച്ച് രസിക്കുന്നു. അതും CPM ആൾക്കാരുടെ നിർദ്ദേശപ്രകാരം!
അതിന്റെ അവസാനം ഏപ്രിൽ 19ന് ഇടപഴനി ക്ഷേത്രം ചവിട്ടി തുറന്ന്, ഒരു CPM പ്രവർത്തകൻ ഭാര്യയെ ലൈംഗികമായി അവഹേളിക്കുകയും അവയവ പ്രദർശനം നടത്തുകയും ചെയ്തു എന്ന് പരാതിപ്പെട്ട BJP പ്രവർത്തകനെയും കൂട്ടരെയും വലിച്ചിഴച്ചു പോലീസ് വാനിൽ കയറ്റി അതി ക്രൂരമായി മർദ്ദിച്ച് ബിനുവിന്റെ കണ്ണിനു പരിക്കേൽപ്പിച്ചു രക്തത്തിൽ കുളിച്ച അവസ്ഥയിൽ AR ക്യാമ്പിൽ കൊണ്ട് പോയി തള്ളി. അവർക്കെതിരെ ഒരു കേസുപോലും ഇല്ലാത്തതു കൊണ്ട് അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചോളാൻ പറയുകയായിരുന്നു ഈ പോലീസുകാർ. മർദ്ദനം ഏറ്റവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇപ്പോഴും ഉണ്ട്.. ഇത് ചെയ്ത പോലീസുകാർക്കെതിരെ ഒരു നടപടിയും ഇല്ല, ഒരു കേസുമില്ല!
ഇത് കാണുമ്പോൾ കഷ്ടം തോന്നി പോകും. നാണം തോന്നും ഇങ്ങനെയുള്ള ഒരു സേനയിലായിരുന്നോ ഇത്ര നാൾ പ്രവർത്തിച്ചതെന്ന് ഓർത്ത്!
വെറുതെയാണോ ജനം പോലീസിനെ ഇത്ര മാത്രം വെറുക്കുന്നത്?













































