ആലപ്പുഴ: ജി സുധാകരൻ വർഗപ്രസ്ഥാനത്തെ തള്ളിപ്പറയുന്ന വർഗവഞ്ചകൻ തന്നെയാണെന്ന് സിപിഎം. ജി. സുധാകരന്റെ എംഎൽഎ ഓഫീസിലേക്കു മാർച്ചു നടത്തിയ സിപിഎം സുധാകരന്റെ നാവിന് ആണിയടിക്കേണ്ട സമയമായെന്നും വ്യക്തമാക്കി. ജില്ല സെക്രട്ടറി ആർ. നാസർ ഉൾപ്പെടെയാണ് മുന്നറിയിപ്പു നല്കിയത്. പൊതുവേദികളിൽ സിപിഎം നേതാക്കളെ അധിക്ഷേപിക്കുന്നതിനെതിരേയായിരുന്നു മാർച്ച് സംഘടിപ്പിച്ചത്.
ഒരു എംഎൽഎയ്ക്കു ചേരുന്ന നിലപാടിലല്ല ജി. സുധാകരൻ പ്രവർത്തിക്കുന്നതെന്ന് നാസർ പറഞ്ഞു. കഴിഞ്ഞദിവസം നീർക്കുന്നം സ്കൂളിൽ അതിക്രമം കാണിച്ചവർക്കെതിരേ കേസെടുക്കാതെ രണ്ടധ്യാപകർക്കെതിരേ പോലീസ് കേസെടുത്തു. കള്ളക്കേസെടുത്ത ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യാനറിയാം. സുധാകരൻ വർഗപ്രസ്ഥാനത്തെ തള്ളിപ്പറയുന്ന വർഗവഞ്ചകൻ തന്നെയാണ്. യുഡിഎഫിനും ബിജെപിക്കും ഒരുപോലെ വിടുപണി ചെയ്യുകയാണിപ്പോൾ. സിപിഎം നേതാക്കൾക്കെതിരേ അധിക്ഷേപം തുടർന്നാൽ എം.എൽ.എ. എന്നൊന്നും നോക്കാതെ ജനങ്ങൾ കൈകാര്യം ചെയ്യുമെന്ന് നാസർ ഓർമ്മിപ്പിച്ചു.
അതേസമയം മാർച്ച് എംഎൽഎ ഓഫീസിനു നൂറുമീറ്റർ അകലെവച്ച് പോലീസ് തടഞ്ഞു. തുടർന്നു നടന്ന യോഗത്തിൽ പ്രസംഗിച്ച ഏരിയ സെക്രട്ടറി സി.കെ. ഷാംജി, സുധാകരന്റെ നാവ് ആണിയടിച്ച് ഉറപ്പിക്കേണ്ടിവരുമെന്ന് ഓർമ്മിപ്പിച്ചു. കെ.സി. വേണുഗോപാൽ ആലപ്പുഴയിലെത്തുമ്പോൾ സുധാകരൻ കഴുതയെപ്പോലെ കരഞ്ഞു പ്രസംഗിക്കും. ഇത്രയധികം അധിക്ഷേപിക്കുന്ന സുധാകരൻ സിപിഎമ്മിന്റെ പേരിൽ കൈപ്പറ്റുന്ന പെൻഷൻ നിഷേധിക്കാൻ തയ്യാറായിട്ടില്ല. ആ പണംപറ്റി ചൊറിത്തവളയെപ്പോലെ കരയുകയാണിപ്പോഴുമെന്ന് സി.കെ. ഷാംജി പറഞ്ഞു. ജി. സുധാകരന്റെ യഥാർഥ സ്വഭാവം നേരത്തേ പറയാൻ കഴിയാത്തതിൽ വിഷമമുണ്ടെന്ന് സെക്രട്ടേറിയറ്റംഗം എച്ച്. സലാം, രാത്രി പത്തര കഴിഞ്ഞാൽ സുധാകരന്റെ ഫോൺ ഭാഷണത്തിന്റെ ടോൺ മാറും. തെരഞ്ഞെടുപ്പിൽ മത്സരിക്കാതിരുന്നിട്ടും കരാറുകാരിൽനിന്നു പണം പിരിച്ചയാളാണ് അദ്ദേഹം. പിരിച്ച പണം പാർട്ടിക്കു നല്കിയിട്ടില്ലെന്നും സിപിഎം നേതാക്കൾ ആരോപിച്ചു
സുധാകരന്റെ മകന്റെയും കുടുംബത്തിന്റെയും സമ്പാദ്യം പറഞ്ഞാൽ അഴിമതിക്കാരനല്ലെന്നുള്ള വാദം പൊളിയും. സേവാഭാരതിക്കാർക്ക് മെഡിക്കൽ കോളേജിൽ സ്ഥലംകൊടുത്തത് മറയ്ക്കാനാണ് പൊതിച്ചോറു വിളമ്പേണ്ടെന്നു പറയുന്നതെന്നും സലാം പറഞ്ഞു.














































