തിരുവനന്തപുരം: അറസ്റ്റിലായ ബിജെപി കൗൺസിലർ സുഗതനെതിരെ പോലീസിനെ ആക്രമിച്ചതിനു മറ്റൊരു കേസ് കൂടി. അറസ്റ്റ് ചെയ്യാനെത്തിയ പോലീസുകാരെ ആക്രമിച്ചതിനാണ് കേസ്. തിരുവനന്തപുരം കോർപറേഷൻ വാഴോട്ടുകോണം വാർഡ് കൗൺസിലറായ, കാപ്പാ ചുമത്തപ്പെട്ട സുഗതനെ വധശ്രമക്കേസിൽ മുൻകൂർ ജാമ്യം നിഷേധിച്ചതോടെയാണ് അറസ്റ്റ് ചെയ്തത്.
ഇതിനിടെ പോലീസിനെതിരെ ആരോപണങ്ങളുമായി സുഗതന്റെ ഭാര്യ അശ്വതി രംഗത്തെത്തി. സുഗതനെ അറസ്റ്റ് ചെയ്യാൻ പോലീസ് വീട്ടിലെത്തിയപ്പോൾ തന്നെ മർദ്ദിച്ചു എന്നതടക്കമുള്ള ആരോപണങ്ങളാണ് ഇവർ ഉന്നയിക്കുന്നത്. സുഗതൻ ഒളിവിലായിരുന്നില്ലെന്നും ചിക്കൻപോക്‌സ് ചികിത്സയിലായിരുന്നുവെന്നും മാധ്യമങ്ങളോട് സംസാരിക്കവെ അശ്വതി പറഞ്ഞു. ഇന്നലെ രാത്രി 9 മണിയോടെയാണ് പോലീസ് വീട്ടിലെത്തിയതെന്നും ഒരു വനിതാ പോലീസ് പോലും കൂടെ ഉണ്ടായിരുന്നില്ലെന്നും സുഗതന്റെ ഭാര്യ പ്രതികരിച്ചു.
കൂടാതെ പോലീസ് തന്റെ മുഖത്തടിക്കുകയും നടുവിൽ ചവിട്ടുകയും ചെയ്തു. താലിമാല പൊട്ടിച്ചെടുത്തു. കുട്ടികളെ ഭയപ്പെടുത്തുന്ന രീതിയിൽ വെടിവെച്ചു. എട്ട് വയസുള്ള കുഞ്ഞ് കരഞ്ഞപ്പോൾ കുഞ്ഞിനെ പിടിച്ചുതള്ളി. ജനപ്രതിനിധി എന്ന ബഹുമാനം കൊടുക്കാതെയാണ് സുഗതനെ പിടിച്ചുകൊണ്ടുപോയതെന്നും അശ്വതി പറഞ്ഞു. സുഗതന്റെ അനുയായികൾ പോലീസിനെ ആക്രമിച്ചില്ലേ എന്ന ചോദ്യത്തിന് അത് പോലീസ് പറയുന്നതാണ് എന്നായിരുന്നു ഇവരുടെ മറുപടി.
ഇന്നലെ രാത്രിയാണ് കാപ്പാ കേസ് പ്രതിയായ സുഗതനെ വീട്ടിലെത്തി പോലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം കോർപറേഷൻ വാഴോട്ടുകോണം വാർഡ് കൗൺസിലറാണ് സുഗതൻ. വധശ്രമക്കേസിൽ ഒളിവിലായിരുന്ന സുഗതനെ വളരെ നാടകീയ രംഗങ്ങൾക്കൊടുവിലായിരുന്നു പോലീസ് അറസ്റ്റ് ചെയ്തത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ പോലീസ് കാപ്പ ചുമത്തിയിരുന്നു. സുഗതന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെയായിരുന്നു അറസ്റ്റ്. ഇയാളെ അറസ്റ്റ് ചെയ്യാൻ കളക്ടർ നേരത്തെ ഉത്തരവിട്ടിരുന്നു.
പിടികൂടാനെത്തിയ പോലീസിനെ സുഗതന്റെ അനുയായികൾ വളയുകയായിരുന്നു. പിന്നാലെ എസ്എച്ച്ഒ ആകാശത്തേക്ക് വെടിയുതിർത്തു. സുഗതന്റെ അനുയായികളുടെ ആക്രമണത്തിൽ വട്ടിയൂർക്കാവ് സിഐ വിപിൻ, എസ്‌ഐ അഭിജിത്ത് എന്നിവർക്ക് പരുക്കേറ്റിട്ടുണ്ട്. നിലവിൽ സുഗതനെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റിയിട്ടുണ്ട്.















































