റാന്നി: വീട്ടിൽ ഒളിഞ്ഞുനോക്കിയെന്നാരോപിച്ച് മധ്യവയസ്കനെ ആൾക്കൂട്ടം ക്രൂരമായി മർദിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പുല്ലമ്പള്ളി സ്വദേശിയായ വർഗീസ് മാത്യു (56)വിനാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്.
ശനിയാഴ്ച രാത്രി ചെമ്പൻമുഖം പ്രദേശത്തുവച്ചായിരുന്നു സംഭവം. ആക്രമണത്തിനിടെ വർഗീസ് മാത്യുവിനെ വിവസ്ത്രനാക്കി കയ്യും കാലും കഴുത്തും കയറുപയോഗിച്ച് കെട്ടിയശേഷം മർദിച്ചെന്നാണ് വിവരം. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്.
വിഡിയോയിൽ ഇയാളെ ഒരു സംഘം മർദിക്കുന്നതും നിലത്തുവീണ ശേഷം ചവിട്ടുന്നതും കാണാം. താൻ മോഷണത്തിനല്ല എത്തിയതെന്ന് കരഞ്ഞുകൊണ്ട് പറയുന്നതും ദൃശ്യങ്ങളിൽ കേൾക്കുന്നുണ്ട്. ആക്രമണ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചതും സംഭവത്തിൽ ഉൾപ്പെട്ടവരാണെന്ന സംശയമുണ്ട്.
പരിക്കേറ്റ് രക്തം വാർന്ന് കിടന്ന വർഗീസ് മാത്യുവിനെ റാന്നി പൊലീസ് സ്ഥലത്തെത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആദ്യം റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. തലയ്ക്ക് ഉൾപ്പെടെ പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.
അതേസമയം, വീട്ടിൽ ഒളിഞ്ഞുനോക്കിയെന്ന പരാതിയിൽ വർഗീസ് മാത്യുവിനെതിരെയും കേസെടുത്തിട്ടുണ്ട്. മൊഴിയെടുക്കാനെത്തിയ പൊലീസിനോട് ആക്രമണവുമായി ബന്ധപ്പെട്ട് പരാതിയില്ലെന്ന് അദ്ദേഹം അറിയിച്ചെങ്കിലും സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് നിയമനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
സംഭവത്തിൽ പങ്കെടുത്തവരെയും ദൃശ്യങ്ങൾ പ്രചരിപ്പിച്ചവരെയും കണ്ടെത്തുന്നതിനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.















































