കാട്ടാമല: പോലീസുകാർക്കെതിരെ പരസ്യ ഭീഷണിയുമായി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ.പി. ഉദയഭാനു രംഗത്ത്. പോലീസുകാർക്കും വീടുകളുണ്ടെന്നും അവർക്കും അമ്മയും പെങ്ങന്മാരുമുണ്ടെന്നും ഓർക്കണമെന്നും അവിടേക്ക് തങ്ങളും കയറുമെന്നും ഉദയഭാനു മുന്നറിയിപ്പ് നൽകി.
പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളിയിലുള്ള കാട്ടാമലയിലെ വീടുകളിൽ കയറിയ പോലീസുകാരെ ഞങ്ങൾ നോക്കിവെച്ചിട്ടുണ്ടെന്നും അവരെയൊന്നും രക്ഷിക്കാൻ ആരുമുണ്ടാവില്ല എന്നും അദ്ദേഹം പരസ്യമായി ഭീഷണിപ്പെടുത്തി.
‘പോലീസുകാരുടെ വീട്ടിലും അമ്മയും പെങ്ങന്മാരും ഉണ്ടല്ലോ. അത്തരത്തിലൊന്നും ഞങ്ങളെക്കൊണ്ട് ചിന്തിപ്പിപ്പിക്കരുത്. ഞങ്ങളും കയറും. പാവപ്പെട്ടവരുടെ വീട്ടിൽ കയറിയവന്മാരെയെല്ലാം ഞങ്ങൾ നോക്കിവെച്ചിട്ടുണ്ട്. നിങ്ങളെ സംരക്ഷിക്കാൻ ആരുമുണ്ടാവില്ല.’ അദ്ദേഹം ഭീഷണിപ്പെടുത്തി.
ഭരണം കിട്ടിക്കഴിഞ്ഞാൽ പാവപ്പെട്ടവന്റെ വീടുകളിൽ കയറാനും അവരെ കള്ളക്കേസിൽ കുടുക്കാനുമാണ് ചില കോൺഗ്രസുകാരുടെ ധാരണയെങ്കിൽ അതിവിടെ നടക്കില്ല. അതിനെതിരെ ശക്തമായി പ്രതികരിക്കും. മെന്നും അദ്ദേഹം വ്യക്തമാക്കി
‘ആരുടെയെങ്കിലും വാക്കുകേട്ട് പാവപ്പെട്ടവരുടെ വീടുകളിൽ കയറിയാൽ വന്നതുപോലെ തിരിച്ചുപോകാൻ കഴിയില്ലെന്നാണ് പോലീസുകാരോട് പറയാനുള്ളത്. ആ രീതിയിൽ തന്നെയായിരിക്കും ഞങ്ങളുടെ പ്രതികരണം.’ ഉദയഭാനു മുന്നറിയിപ്പ് നൽകി.
‘മര്യാദയാണെങ്കിൽ മര്യാദ, മര്യാദകേട് കാണിച്ചാൽ അതേ രീതിയിൽ തന്നെ ഞങ്ങൾ പ്രതികരിക്കും. മുകളിൽ നിന്നുള്ള ആരുടെയെങ്കിലും നിർദ്ദേശങ്ങൾ അനുസരിച്ച് മര്യാദകെട്ട പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് ഭാവമെങ്കിൽ അതിനെ അതേ രീതിയിൽ തന്നെ നേരിടുമെന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട.’ ഉദയഭാനു ആവർത്തിച്ചു.




