ന്യൂഡൽഹി: വിദേശയാത്രയ്ക്കിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഒരു സ്ത്രീക്കും കുട്ടിക്കുമൊപ്പം ഇരിക്കുന്ന ചിത്രം കഴിഞ്ഞദിവസം കേന്ദ്രമന്ത്രി ഗിരിരാജ് സിങ് സാമൂഹികമാധ്യമത്തിൽ പങ്കുവെച്ചിരുന്നു. ചിത്രത്തിലുള്ളത് ആരാണെന്നും ചിത്രം എവിടെനിന്നുള്ളതാണെന്നും ചോദിച്ചായിരുന്നു കേന്ദ്രമന്ത്രിയുടെ കുറിപ്പ്. ഇക്കാര്യം അറിയാൻ തനിക്ക് ആകാംക്ഷയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ചിത്രം സാമൂഹികമാധ്യമങ്ങളിൽ ചർച്ചയായതോടെയാണ് വിശദീകരണവുമായി കോൺഗ്രസ് രംഗത്തെത്തിയത്.
ചിത്രത്തിലുള്ളത് രാഹുൽ ഗാന്ധിയുടെ സുഹൃത്തിന്റെ ഭാര്യയും മകനുമാണെന്നാണ് കോൺഗ്രസിന്റെ വിശദീകരണം. ടെക്‌സസിലെ ലേക് റേ റോബർട്‌സിൽ വെച്ചാണ് ചിത്രം പകർത്തിയതെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സോഷ്യൽ മീഡിയ ഇൻചാർജ് ആവി ദാണ്ടിയ അറിയിച്ചു.
അതേസമയം, കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങിന്റെ പരാമർശത്തിനെതിരേ കോൺഗ്രസ് രൂക്ഷ വിമർശനവുമായി രംഗത്തെത്തി. കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനേറ്റ് അതിശക്തമായ ഭാഷയിലാണ് കേന്ദ്രമന്ത്രിക്കെതിരെ പ്രതികരിച്ചത്.
രാഹുൽ ഗാന്ധിയും സുഹൃത്തുക്കളും ഒരുമിച്ച് കുടുംബ വിനോദയാത്രയ്ക്ക് പോയപ്പോഴുള്ള ചിത്രമാണിതെന്ന് സുപ്രിയ ശ്രീനേറ്റ് പറഞ്ഞു. ചിത്രത്തിൽ രാഹുൽ ഗാന്ധിയുടെ സുഹൃത്ത് ഇല്ലെന്നും അവർ വ്യക്തമാക്കി.
ഗിരിരാജ് സിങ്ങിനെ ‘വിഷയലമ്പടൻ’ എന്ന് വിശേഷിപ്പിച്ചാണ് സുപ്രിയ ശ്രീനേറ്റ് വിമർശിച്ചത്. ഒരു സ്ത്രീയെയും പുരുഷനെയും ഒരുമിച്ച് കാണുമ്പോൾ മോശം ചിന്തകൾ മാത്രം ഉണ്ടാകുന്ന സ്വഭാവമാണ് ഗിരിരാജ് സിങ്ങിന്റേതെന്നും അവർ ആരോപിച്ചു. സ്വന്തം നിരാശ മറ്റുള്ളവരുടെ മേൽ തീർക്കരുതെന്നും സുപ്രിയ ശ്രീനേറ്റ് പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ വിദേശയാത്രകളെയും യാത്രകൾക്കുള്ള സാമ്പത്തിക സ്രോതസ്സുകളെയും സംബന്ധിച്ച് ബിജെപി നേരത്തെയും നിരവധി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ ചിത്രവും കേന്ദ്രമന്ത്രിയുടെ ചോദ്യവും കൂടുതൽ ചർച്ചയായത്.
“രാഹുൽ ഗാന്ധിക്കൊപ്പമുള്ള കുട്ടിയും യുവതിയും ആരാണ്?” എന്നായിരുന്നു ഗിരിരാജ് സിങ്ങിന്റെ ചോദ്യം. ചിത്രം എവിടെനിന്നുള്ളതാണെന്നും കൂടെയുള്ളവർ ആരാണെന്നും അറിയാൻ തനിക്ക് ആകാംക്ഷയുണ്ടെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കിയിരുന്നു.




