ന്യൂഡൽഹി: ഡൽഹി സർവകലാശാലയ്ക്ക് കീഴിലുള്ള ശിവാജി കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറെ ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഫ്ലാറ്റ് പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നതിനാൽ കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അസിസ്റ്റന്റ് പ്രൊഫസറായ ദേവോസ്മിത പോൾ (49) ആണ് മരിച്ചത്.
ഡൽഹിയിലെ വസുന്ധര എൻക്ലേവിലെ സത്യം അപ്പാർട്ട്‌മെന്റിൽ തനിച്ചായിരുന്നു ദേവോസ്മിതയുടെ താമസം. ഭർത്താവ് ബെംഗളൂരുവിലാണുള്ളത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് 2.35ഓടെയാണ് ന്യൂ അശോക് നഗർ പൊലീസ് സ്റ്റേഷനിലേക്ക് വിവരം ലഭിച്ചത്. ദേവോസ്മിതയുടെ സഹോദരി ദേവാരതി പോൾ ആണ് സഹോദരിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി പൊലീസിനെ അറിയിച്ചത്.
രാവിലെ മുതൽ ഫ്ലാറ്റ് പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നെന്നും നിരവധി തവണ ഫോൺ വിളിച്ചിട്ടും പ്രതികരണമൊന്നും ലഭിച്ചില്ലെന്നും ദേവാരതി പൊലീസിനോട് പറഞ്ഞു. സംശയം തോന്നിയതിനെ തുടർന്ന് ഫ്ലാറ്റിന്റെ പൂട്ട് പൊളിച്ച് അകത്ത് കയറിയപ്പോഴാണ് ദേവോസ്മിതയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
തലയ്ക്ക് ഭാരമേറിയ വസ്തു കൊണ്ട് അടിയേറ്റതിനെ തുടർന്നുണ്ടായ ഗുരുതര മുറിവ് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. കൂടാതെ കൈത്തണ്ടയിലെ ഞരമ്പുകളും മുറിച്ച നിലയിലായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി എൽബിഎസ് ആശുപത്രിയിലേക്ക് മാറ്റി.
വീട്ടിലുണ്ടായിരുന്ന സ്വർണാഭരണങ്ങളോ പണമോ നഷ്ടപ്പെട്ടിട്ടില്ലാത്തതിനാൽ ഇത് കവർച്ചാ ശ്രമമല്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. സംഭവത്തിൽ കൊലപാതകത്തിന് കേസെടുത്ത പൊലീസ് പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഇതിനായി പ്രത്യേക അന്വേഷണ സംഘവും രൂപീകരിച്ചിട്ടുണ്ട്.
അതേസമയം, സംഭവത്തെ തുടർന്ന് ഡൽഹിയിലെ ക്രമസമാധാന സ്ഥിതിയെ ചൊല്ലി രാഷ്ട്രീയ വിവാദവും ശക്തമായി. സംസ്ഥാനത്തെ നിയമ-സമാധാന നില തകർന്നുവെന്ന് ആരോപിച്ച് ആം ആദ്മി പാർട്ടി ബിജെപിക്കെതിരെ രംഗത്തെത്തി. അപ്പാർട്ട്‌മെന്റ് സമുച്ചയത്തിനുള്ളിൽ കടന്ന് കൊലപാതകം നടത്താൻ കുറ്റവാളികൾക്ക് ധൈര്യം ലഭിക്കുന്ന സാഹചര്യമാണുള്ളതെന്നും, ബിജെപി അധികാരത്തിലെത്തിയ ശേഷം അക്രമ സംഭവങ്ങൾ വർധിച്ചുവെന്നും എഎപി എംഎൽഎ കുൽദീപ് കുമാർ ആരോപിച്ചു.



















































