കോഴിക്കോട്: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലായതിന് പിന്നാലെ പ്രതികരണവുമായി യൂട്യൂബർ അശ്വന്ത് കോക്ക്. തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച ജയിലർ 2 ട്രെയിലർ റിവ്യൂ വിഡിയോയിലാണ് അശ്വന്ത് വിവാദ വിഷയത്തിൽ മനസ് തുറന്നത്. അടുത്തിടെയാണ് കോഴിക്കോട് നടക്കാവ് വെച്ച് അശ്വന്ത് കോക്കിന്റെ വാഹനം അപകടത്തിൽപ്പെട്ടത്.
മദ്യലഹരിയിൽ വാഹനമോടിച്ച അശ്വന്തിന്റെ കാർ നിയന്ത്രണം വിട്ട് ഒരു കാറിലും ബൈക്കിലും ഇടിക്കുകയായിരുന്നു. മൂന്ന് വാഹനങ്ങളിൽ ഇടിച്ചുവെന്ന പരാതിയെ തുടർന്നാണ് നടക്കാവ് പൊലീസ് അശ്വന്തിനെ കസ്റ്റഡിയിലെടുത്തത്. പിന്നീട് പൊലീസ് ഇയാളെ വൈദ്യപരിശോധനക്ക് വിധേയനാക്കുകയും ചെയ്തിരുന്നു. സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ഇതിന് പിന്നാലെ നിരവധി പേർ അശ്വന്തിനെതിരെ രംഗത്ത് വന്നിരുന്നു.
ഇനി അശ്വന്തിന്റെ വിഡിയോ കാണില്ലെന്നും ഇത്തരത്തിൽ മദ്യപിച്ച് വാഹനമോടിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഒരു വിഭാഗം വിമർശനം ഉന്നയിച്ചു. ഈ വിമർശനങ്ങൾക്കെല്ലാം മറുപടി നൽകുകയാണ് താരം ഇപ്പോൾ. ചെയ്തത് തെറ്റാണെന്ന് താൻ അംഗീകരിക്കുന്നതായി അശ്വന്ത് വിഡിയോയിൽ പറഞ്ഞു. ഇനി ഒരിക്കലും മദ്യപിച്ച് വാഹനമോടിക്കില്ലെന്നും അദ്ദേഹം ഉറപ്പ് നൽകി. ‘എന്റെ ജയിലർ 2 റിവ്യൂ വൺ മില്യൺ അടിച്ചിരിക്കും. അത് എന്റെ അഹങ്കാരമല്ല, ആത്മവിശ്വാസമാണ്. കുറേപ്പേർ പറയുന്നത് എന്റെ വിഡിയോ ഇനി കാണേണ്ട, ഞാൻ മോശക്കാരനാണ് എന്ന്. ചെയ്തത് തെറ്റാണ്. അത് അംഗീകരിക്കുന്നു. തെറ്റുകൾ പറ്റും. പെൻസിലിന്റെ പിറകിലെന്തിനാണ് ഇറേസർ. എഴുതുമ്പോൾ തെറ്റും എന്നുറപ്പുള്ളത് കൊണ്ടാണ്. അങ്ങനെ സംഭവിക്കും.ഞാൻ മദ്യപിച്ച് വാഹനമോടിക്കാൻ പാടില്ലായിരുന്നു. ഇനിയൊരിക്കലും ചെയ്യില്ല. ഇനിയൊരിക്കലും എന്നെ മദ്യപിച്ച് കാണാൻ പറ്റില്ല. കേരള പൊലീസിന് ഞാനതിന് അവസരം കൊടുക്കില്ല. നിയമവിരുദ്ധമായി ഞാൻ ചെയ്ത ഏക കാര്യം ഇതാണ്. പണ്ട് പബ്ലിക് സ്മോക്കിങ് ഉണ്ടായിരുന്നു. ഇന്ന് ഇല്ല. വേറൊന്നും ഞാൻ ചെയ്യാറില്ല. ഇത് എന്നോടുള്ള പ്രോമിസ് ആണ്. വേറെ ആർക്കും വേണ്ടിയല്ല അശ്വന്ത് പറഞ്ഞു.






