ന്യൂഡൽഹി: ജന്തർ മന്തറിൽ സിജെപി (CJP) സംഘടിപ്പിച്ച പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്രനേതാക്കളെയും ലക്ഷ്യമിട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച അധിക്ഷേപകരമായ പോസ്റ്റുകൾക്കെതിരെ ഡൽഹി പൊലീസിന്റെ നടപടി ശക്തമാകുന്നു. എക്‌സ് (X) ഉൾപ്പെടെയുള്ള സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകൾക്കും നിരവധി അക്കൗണ്ട് ഉടമകൾക്കും ഡൽഹി പൊലീസ് നോട്ടീസ് അയച്ചുതുടങ്ങിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പ്രതിഷേധവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റുകൾ, വീഡിയോകൾ, കമന്റുകൾ എന്നിവ വിശദമായി പരിശോധിച്ച ശേഷമാണ് നടപടി. നിയമവിരുദ്ധവും അധിക്ഷേപകരവുമാണെന്ന് കണ്ടെത്തുന്ന ഉള്ളടക്കങ്ങൾ ഉടൻ നീക്കം ചെയ്യാൻ പ്ലാറ്റ്‌ഫോമുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് നിരവധി പോസ്റ്റുകളും വീഡിയോകളും ഇതിനകം നീക്കം ചെയ്തതായും റിപ്പോർട്ടുകളുണ്ട്.
പ്രധാനമന്ത്രിയെയും മറ്റ് കേന്ദ്രമന്ത്രിമാരെയും ലക്ഷ്യമിട്ടുള്ള അധിക്ഷേപ പരാമർശങ്ങൾ, എ.ഐ. സാങ്കേതികവിദ്യ ഉപയോഗിച്ച് സൃഷ്ടിച്ച ദൃശ്യങ്ങൾ, നിയമലംഘനത്തിന് ഇടയാക്കുന്ന ഉള്ളടക്കങ്ങൾ എന്നിവയാണ് പൊലീസ് പ്രധാനമായും പരിശോധിക്കുന്നത്. ആവശ്യമെങ്കിൽ കൂടുതൽ അക്കൗണ്ടുകൾക്കും സമൂഹമാധ്യമ കമ്പനികൾക്കും നോട്ടീസ് നൽകുമെന്നും അന്വേഷണവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.


















































