അമരാവതി: ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിനൊപ്പം വേദി പങ്കിടുകയും സംവദിക്കുകയും ചെയ്ത പത്താം ക്ലാസ് വിദ്യാർഥിനിയെ മൂന്ന് ദിവസം കഴിഞ്ഞ് മരിച്ച നിലയിൽ കണ്ടെത്തി. പോളവാരം ജില്ലയിലെ രമ്പചോഡവരം സ്വദേശിനിയായ മുർറം ശിവാനി (15)യാണ് മരിച്ചത്.
ജൂലൈ 24-ന് രമ്പചോഡവരം സർക്കാർ സ്കൂളിൽ നടന്ന വിദ്യാർഥി സംവാദ പരിപാടിയിലാണ് ശിവാനി മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിട്ടത്. പരിപാടിയുടെ അവതാരകയായിരുന്ന ശിവാനിയെ നായിഡു തന്റെ സമീപത്ത് ഇരിക്കാൻ ക്ഷണിക്കുകയും പഠനത്തെക്കുറിച്ചും ഭാവി സ്വപ്നങ്ങളെക്കുറിച്ചും സംസാരിക്കുകയും ചെയ്തിരുന്നു. പരിപാടിക്ക് ശേഷം മുഖ്യമന്ത്രിയോടൊപ്പം സെൽഫിയും എടുത്തിരുന്നു.
എന്നാൽ പരിപാടി കഴിഞ്ഞ് മൂന്നാം ദിവസം ഇർലപ്പള്ളി ഗ്രാമത്തിലെ മുത്തശ്ശിയുടെ വീട്ടിൽ ശിവാനിയെ മരിച്ച നിലയിൽ കണ്ടെത്തി. മാതാപിതാക്കളോട് ക്ഷമ ചോദിച്ചുകൊണ്ടുള്ള ഒരു കുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ജീവിതത്തിൽ വലിയ സ്വപ്നങ്ങളുണ്ടായിരുന്നെങ്കിലും നിരവധി ബുദ്ധിമുട്ടുകൾ നേരിടുകയായിരുന്നുവെന്ന് കുറിപ്പിൽ പരാമർശിക്കുന്നതായി റിപ്പോർട്ടുണ്ട്.
സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തിയ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ശിവാനിയുടെ മരണം അതീവ ദുഃഖകരമാണെന്ന് പറഞ്ഞു. ജീവിതത്തിൽ പ്രശ്നങ്ങൾ നേരിടുമ്പോൾ ധൈര്യത്തോടെ അതിനെ അതിജീവിക്കാൻ ശ്രമിക്കണമെന്നും, എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടെന്നും വിദ്യാർഥികളോട് അദ്ദേഹം അഭ്യർഥിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും അറിയിച്ചു.
കുടുംബപ്രശ്നങ്ങളെത്തുടർന്നുണ്ടായ മാനസിക വിഷമമാണ് മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



















































