ന്യൂഡൽഹി: ജന്തർ മന്തറിൽ നടന്ന സിജെപി പ്രതിഷേധത്തിനിടെ സമീപത്ത് കണ്ടെത്തിയ കല്ല് നിറച്ച ലോറി നാല് ദിവസം മുമ്പ് തന്നെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്ത വാഹനമാണെന്ന് ആരോപിച്ച് സിജെപി. സമാധാനപരമായ പ്രതിഷേധത്തെ അക്രമാസക്തമാക്കാനും സമരക്കാരെ വ്യാജക്കേസുകളിൽ കുടുക്കാനുമുള്ള ആസൂത്രിത നീക്കമാണിതെന്ന് സംഘടന ആരോപിച്ചു.
ജൂലൈ 20-ന് പ്രതിഷേധം നടന്ന സ്ഥലത്തിന് സമീപത്തേക്ക് കല്ലുകൾ നിറച്ച വാഹനം എത്തിക്കാൻ അനുമതി നൽകിയതാരാണെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കണമെന്ന് സിജെപി ആവശ്യപ്പെട്ടു. പൊലീസ് കസ്റ്റഡിയിലായിരുന്ന വാഹനം സമരവേദിക്ക് സമീപത്തേക്ക് മാറ്റിയതിന്റെ പിന്നിലെ സാഹചര്യം പുറത്തുകൊണ്ടുവരണമെന്നും ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
സമാധാനപരമായി പ്രതിഷേധിക്കുന്ന ജനക്കൂട്ടത്തിനിടയിലേക്ക് കല്ലുകൾ എത്തിക്കാൻ ശ്രമിച്ചത് പ്രതിഷേധം അട്ടിമറിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും സിജെപി ആരോപിച്ചു. സംഭവത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്നും സംഘടന ആവശ്യപ്പെട്ടു.
അതേസമയം, പ്രതിഷേധക്കാരെതിരായ പൊലീസ് നടപടികൾ തുടർന്നാൽ ശക്തമായ സമരപരിപാടികളുമായി വീണ്ടും രംഗത്തെത്തുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദിപ്കെ മുന്നറിയിപ്പ് നൽകി. പ്രതിഷേധവുമായി ബന്ധപ്പെട്ട കേസുകളിലും എഫ്.ഐ.ആറുകളിലും അന്വേഷണം തുടരാമെന്ന സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവിൽ ആശങ്ക രേഖപ്പെടുത്തിയ അദ്ദേഹം, വിദ്യാർഥികൾക്കെതിരായ കേസുകൾ പിൻവലിക്കാമെന്ന കേന്ദ്ര സർക്കാരിന്റെ ഉറപ്പ് ഉടൻ നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു.
സർക്കാർ നൽകിയ വാഗ്ദാനം പാലിക്കേണ്ട സമയപരിധി അവസാനിക്കുകയാണെന്നും, വിദ്യാർഥികൾക്കെതിരായ നടപടികൾ അവസാനിപ്പിച്ചില്ലെങ്കിൽ രാജ്യവ്യാപക പ്രതിഷേധം വീണ്ടും ശക്തമാക്കുമെന്നും അഭിജിത് ദിപ്കെ എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.


















































