കോട്ടയം: ചെക്ക് കേസിൽ പാലാ എം.എൽ.എ. മാണി സി. കാപ്പന് ആശ്വാസം. കേസിൽ ശിക്ഷ വിധിച്ചതിന് പിന്നാലെ പുറപ്പെടുവിച്ച ജാമ്യമില്ലാ വാറണ്ട് ബോറിവലി മജിസ്‌ട്രേറ്റ് കോടതി പിൻവലിച്ചു. വിധി പ്രസ്താവിച്ച സമയത്ത് കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്നാണ് മാണി സി. കാപ്പനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്.
ഇന്ന് കാപ്പൻ നേരിട്ട് കോടതിയിൽ ഹാജരായി അപേക്ഷ നൽകിയതോടെയാണ് വാറണ്ട് പിൻവലിക്കാൻ കോടതി തീരുമാനിച്ചത്. തനിക്കെതിരായ ശിക്ഷാ വിധിക്കെതിരെ മേൽക്കോടതിയിൽ അപ്പീൽ നൽകുമെന്ന് മാണി സി. കാപ്പൻ അറിയിച്ചു. അപ്പീൽ നൽകുന്നതിനായി 30 ദിവസത്തെ സമയം ലഭിച്ചിട്ടുണ്ടെന്നും കേസിൽ അന്തിമ വിധി വന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കേസിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടാകാമെന്നും മാണി സി. കാപ്പൻ ആരോപിച്ചു. നാല് ചെക്ക് കേസുകളിലായി മൂന്നര വർഷം തടവും 5.30 കോടി രൂപ പിഴയുമാണ് ബോറിവലി കോടതി വിധിച്ചത്.
അതേസമയം, മാണി സി. കാപ്പന് കോടതി ശിക്ഷ വിധിച്ചതിൽ പ്രതികരിച്ച് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി രംഗത്തെത്തിയിരുന്നു. പാലാ നിയോജക മണ്ഡലത്തിന് തന്നെ അപമാനകരമായ സംഭവമാണിതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കോടതി ശിക്ഷിച്ച സാഹചര്യത്തിൽ മാണി സി. കാപ്പൻ എം.എൽ.എ. സ്ഥാനം രാജിവെക്കണമോയെന്ന കാര്യത്തിൽ അദ്ദേഹം തന്നെ തീരുമാനമെടുക്കണമെന്നും ജോസ് കെ. മാണി പറഞ്ഞു. വിഷയത്തിൽ യു.ഡി.എഫ്. വ്യക്തമായ നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുൻപ് കോടതി പരാമർശത്തിന്റെ പേരിൽ കെ.എം. മാണി രാജിവെച്ച സാഹചര്യം ചൂണ്ടിക്കാട്ടിയായിരുന്നു ജോസ് കെ. മാണിയുടെ പ്രതികരണം. എന്നാൽ നിലവിൽ മാണി സി. കാപ്പൻ ശിക്ഷാ വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് വ്യക്തമാക്കിയ സാഹചര്യത്തിലാണ് തുടർനടപടികൾ നിർണായകമാകുന്നത്.






