ടെഹ്റാൻ: ഹോർമുസ് കടലിടുക്ക് ഇറാന്റേതാണെന്നും അത് എന്നും ഇറാന്റേതായി തുടരുമെന്നും വ്യക്തമാക്കി ഇറാൻ. കടലിടുക്ക് അമേരിക്കൻ പ്രദേശമായി പ്രഖ്യാപിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് പറഞ്ഞതിന് പിന്നാലെയാണ് മറുപടിയുമായി ഇറാൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസിം ഗരീബബാദിയാണ് രംഗത്തെത്തിയത്. ഹോർമുസ് കടലിടുക്ക് ഒരു ട്വീറ്റിലൂടെയോ വിമാനവാഹിനിക്കപ്പലിലൂടെയോ ഉത്തരവിലൂടെയോ തിരഞ്ഞെടുപ്പ് പ്രസംഗത്തിലൂടെയോ പിടിച്ചെടുക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.
“ഹോർമുസ് ഇറാന്റേതായിരുന്നു, ഇറാന്റേതാണ്, ഇനിയും ഇറാന്റേതായിരിക്കും. കടലിടുക്ക് അടയ്ക്കുന്നതും തുറക്കുന്നതും ഇറാന്റെ നിയന്ത്രണത്തിലായിരിക്കും, ട്വീറ്റിലൂടെയോ, വിമാനവാഹിനി ഉപയോഗിച്ചോ ഉത്തരവ് പുറപ്പെടുവിച്ചോ, തെരഞ്ഞെടുപ്പ് പ്രസംഗത്തിലൂടെയോ ഹോർമുസിനെ പിടിച്ചെടുക്കാനാവില്ല”. അമേരിക്ക മിഥ്യാഭ്രമം വെടിഞ്ഞ് പരാജയമെന്ന യാഥാർഥ്യം അംഗീകരിക്കാത്തിടത്തോളം ഹോർമുസിൽ ഇറാൻ നാവിക ഉപരോധം തുടരും- ഗരീബാബാദി വ്യക്തമാക്കി.
അതേസമയം ഇറാനെ പരാജയപ്പെടുത്തിക്കഴിഞ്ഞാൽ ഹോർമുസ് കടലിടുക്കിനെ അമേരിക്കൻ പ്രദേശമായി പ്രഖ്യാപിക്കുമെന്ന് ട്രംപ് ന്യൂയോർക്കിൽ നടന്ന രാഷ്ട്രീയ റാലിയിൽ പറഞ്ഞിരുന്നു. ഇറാനെ പരാജയപ്പെടുത്താനുള്ള നടപടികൾ തുടരുകയാണെന്നും വൈകാതെ ഹോർമുസിനെ അമേരിക്കൻ പ്രദേശമായി പ്രഖ്യാപിക്കുമെന്നും ട്രംപ് പരിഹാസച്ചിരിയോടെ പറഞ്ഞതായാണ് റിപ്പോർട്ട്. എന്നാൽ പിന്നീട് വൈറ്റ് ഹൗസിലെ ഒരു ഉദ്യോഗസ്ഥൻ ട്രംപിന്റെ പ്രസ്താവന തമാശയായിരുന്നുവെന്ന് വ്യക്തമാക്കിയതായും റിപ്പോർട്ടുകളുണ്ട്.
അതേസമയം, ഹോർമുസ് കടലിടുക്കിൽ അമേരിക്കയ്ക്ക് പൂർണ നിയന്ത്രണമുണ്ടെന്ന ട്രംപിന്റെ നേരത്തെയുള്ള അവകാശവാദവും ഇറാൻ തള്ളി. അമേരിക്കയുടെ അവകാശവാദങ്ങൾ നുണയും കെട്ടിച്ചമച്ചതുമാണെന്ന് ഇറാൻ സൈനിക വക്താവ് ഇബ്രാഹിം സോൾഫഗാരി ആരോപിച്ചു. ഇറാന്റെ അനുമതിയും സായുധ സേനയുടെ മേൽനോട്ടവും ഇല്ലാതെ വാണിജ്യ കപ്പലുകൾക്കും എണ്ണക്കപ്പലുകൾക്കും സുരക്ഷിതമായി കടന്നുപോകാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അമേരിക്ക ഹോർമുസ് വിഷയത്തിൽ വീണ്ടും വലിയ തെറ്റായ കണക്കുകൂട്ടലാണ് നടത്തുന്നതെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും പ്രതികരിച്ചു. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഊർജ ഗതാഗത പാതകളിലൊന്നാണ് ഹോർമുസ് കടലിടുക്ക്. ആഗോള എണ്ണവിതരണത്തിന്റെ വലിയൊരു ഭാഗം ഈ ജലപാതയിലൂടെയാണ് കടന്നുപോകുന്നത്. അതിനാൽ കടലിടുക്കിനെ ചൊല്ലിയുള്ള അമേരിക്ക–ഇറാൻ തർക്കം ആഗോള എണ്ണവിപണിയിലും ഊർജ സുരക്ഷയിലും വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാനുള്ള സാധ്യതയുണ്ട്.




