കൊച്ചി: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ നിന്നു തെറിച്ചുവീണ് വിദ്യാർഥിക്ക് പരുക്ക്. തോപ്പുംപടിക്ക് സമീപം എടിഎസ് ജംഗ്ഷനിലുണ്ടായ സംഭവത്തിൽ പരുക്കേറ്റ പതിനാലു വയസുകാരൻ ആശുപത്രിയിൽ ചികിത്സ തേടി. ബസിൻറെ പിൻവശത്തെ വാതിലിൽ കൂടി പുറത്തേക്ക് തെറിച്ചു വീണ വിദ്യാർഥിയുടെ തോളെല്ലിന് പരുക്കേറ്റു.
അതേസമയം അപകടസമയത്ത് ബസിൻറെ പിൻവശത്തെയും മുൻവശത്തെയും വാതിലുകൾ തുറന്നു കിടക്കുകയായിരുന്നു. വിദ്യാർഥി വീഴുന്നത് ശ്രദ്ധയിൽ പെട്ടിട്ടും ബസ് നിർത്താതെ പോയെന്നും വിദ്യാർഥിയെ ആശുപത്രിയിൽ എത്തിച്ചില്ലെന്നുംകാട്ടി കുട്ടിയുടെ മാതാപിതാക്കൾ ഹാർബർ പോലീസിൽ പരാതി നൽകി.
പരാതിയിൽ ബസ് ജീവനക്കാർക്കെതിരെ പോലീസ് കേസ് എടുത്തു. ഈ റൂട്ടിൽ സ്വകാര്യ ബസുകൾ ഡോർ തുറന്നിട്ട് അമിതവേഗത്തിൽ പായുന്നുണ്ടെന്നും അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു.





