മലപ്പുറം: കാലിക്കറ്റ് സർവകലാശാല ഫിസിക്സ് പഠനവിഭാഗത്തിൽനിന്ന് നാലുലക്ഷം രൂപ വിലവരുന്ന ടെലസ്കോപ്പ് മോഷണം പോയി. മൊബൈൽ ഫോൺ മോഷണക്കേസിൽ കരിപ്പൂർ പോലീസ് പിടികൂടിയ വള്ളിക്കുന്ന് സ്വദേശി ദിൽഷാദിൽനിന്നാണ് ടെലസ്കോപ്പ് കണ്ടെടുത്തത്.
ടെലസ്കോപ്പ് സർവകലാശാലയിൽനിന്നാണ് മോഷണം പോയതെന്ന് പോലീസ് സർവകലാശാല അധികൃതരെ അറിയിച്ചതോടെയാണ് അവർ വിവരം അറിയുന്നത്. ഇത്രയും വിലപിടിപ്പുള്ള ഉപകരണം മോഷ്ടിക്കപ്പെട്ട കാര്യം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല.
സംഭവത്തിൽ സർവകലാശാല അധികൃതർ തേഞ്ഞിപ്പലം പോലീസിൽ ഔദ്യോഗികമായി പരാതി നൽകി. സർവകലാശാലയ്ക്കുള്ളിലുള്ളവരുടെ സഹായമില്ലാതെ വലുപ്പവും ഭാരവുമുള്ള ടെലസ്കോപ്പ് പുറത്തേക്ക് കൊണ്ടുപോകുക എളുപ്പമല്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
മോഷ്ടിച്ച ടെലസ്കോപ്പ് എങ്ങനെ പ്രതിയുടെ കൈയിലെത്തിയെന്നും മോഷണത്തിന് പിന്നിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും പോലീസ് അന്വേഷിച്ചുവരികയാണ്. മൊബൈൽ ഫോൺ മോഷണക്കേസിൽ അറസ്റ്റിലായ ദിൽഷാദിനെ കോടതി റിമാൻഡ് ചെയ്തു.






