കിയവ്: റഷ്യയുമായുള്ള യുദ്ധത്തിനുള്ള ഫണ്ട് കണ്ടെത്താൻ അശ്ലീല സിനിമകളുടെ ഉൽപാദനവും വിപണനവും (പോണോഗ്രാഫി) നിയമവിധേയമാക്കാൻ യുക്രെയ്ൻ ആലോചിക്കുന്നതായി റിപ്പോർട്ട്. വാൾ സ്ട്രീറ്റ് ജേണലാണ് ഇത് സംബന്ധിച്ച് വാർത്ത റിപ്പോർട്ട് ചെയ്തത്. രാജ്യത്തെ അഡൽറ്റ് എന്റർടൈൻമെന്റ് വ്യവസായത്തെ നിയമപരമായ സമ്പദ്‌വ്യവസ്ഥയിലേക്ക് കൊണ്ടുവരുന്നതിലൂടെ 25 മില്യൺ ഡോളർ വരെ നികുതി വരുമാനം നേടാനാകുമെന്നാണ് യുക്രെയ്ൻ പാർലമെന്റിന്റെ ഫിനാൻസ് കമ്മിറ്റി ചെയർമാനും എം.പിയുമായ യാരോസ്ലാവ് ഷെൽസ്‌നിയാക് വ്യക്തമാക്കുന്നത്.
ഈ തുക ഉപയോഗിച്ച് യുദ്ധമുഖത്തേക്ക് 30,000 ഡ്രോണുകൾ വരെ വാങ്ങാൻ സാധിക്കുമെന്നാണ് അദ്ദേഹത്തിന്റെ കണക്കുകൂട്ടൽ. യുക്രെയ്നിൽ അശ്ലീല സിനിമകൾ നിർമ്മിക്കുകയോ കൈവശം വെക്കുകയോ വിതരണം ചെയ്യുകയോ ചെയ്യുന്നത് നിലവിൽ നിയമവിരുദ്ധമാണ്. ഏഴുവർഷം വരെ തടവുശിക്ഷ ലഭിക്കാം. എന്നാൽ അഴിമതിക്കാരായ പൊലീസിന്റെ സഹായത്തോടെ ഈ വ്യവസായം രഹസ്യമായി വളരുന്നുണ്ട്.
റഷ്യയുടെ സമ്പൂർണ അധിനിവേശത്തിന് മുമ്പ് യുക്രെയ്ൻ അധികാരികൾ ഈ മേഖലയെക്കുറിച്ച് വലിയ തോതിൽ കണ്ണടയ്ക്കുകയായിരുന്നു. എന്നാൽ അടുത്തിടെ അഡൽറ്റ് കണ്ടെന്റ് ക്രിയേറ്റർമാരിൽനിന്ന് നികുതി ഈടാക്കാൻ അധികാരികൾ തയ്യാറായതോടെ വലിയ പ്രതിസന്ധിയാണ് രൂപപ്പെട്ടിരിക്കുന്നത്. വരുമാനം പ്രഖ്യാപിക്കുന്ന ക്രിയേറ്റർമാർ തങ്ങൾ രാജ്യത്ത് നിയമങ്ങൾ ലംഘിക്കുന്നതായി സ്വയം വെളിപ്പെടുത്തുന്ന അവസ്ഥയാണുണ്ടാകുന്നത്. ‘ഇവരിൽ ചിലർ നികുതി അടക്കാതെ ക്രിമിനൽ കുറ്റത്തിന് ഇരയാകുന്നു, അല്ലെങ്കിൽ നികുതി അടച്ച് പോണോഗ്രാഫി നിയമങ്ങൾ ലംഘിച്ചതിന് കേസിൽ പെടുന്നു. ഇതൊരു ട്രാജികോമിക് സാഹചര്യമാണ്’ -ഷെൽസ്‌നിയാക് പറഞ്ഞു.






