പാലക്കാട്: സുകുമാരക്കുറുപ്പിന്റേതെന്ന് സംശയിച്ച് പോലീസ് ശേഖരിച്ച പാസ്‌പോർട്ട് തൃശൂർ വടക്കാഞ്ചേരി കരുമത്ര സ്വദേശിയായ ദാമോദര മേനോന്റേതാണെന്ന് സ്ഥിരീകരിച്ചു. ദാമോദര മേനോന്റെ സഹോദരൻ കരുണാകരനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഏകദേശം 40 വർഷം മുമ്പാണ് ദാമോദര മേനോൻ മലേഷ്യയിലേക്ക് പോയത്. അവിടെവെച്ച് പാലക്കാട് സ്വദേശിനിയെ വിവാഹം കഴിച്ചു. ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്. നിലവിൽ അപകടത്തിൽപ്പെട്ട് ചികിത്സയിലാണെന്നും സഹോദരൻ പറഞ്ഞു. നാട്ടിലുള്ള കുടുംബാംഗങ്ങളുമായി ദാമോദര മേനോൻ നിരന്തരം ബന്ധപ്പെടാറുണ്ടെന്നും ഒരു മാസം മുമ്പും വീട്ടിലേക്ക് വിളിച്ചിരുന്നതായും കരുണാകരൻ വ്യക്തമാക്കി.
അതേസമയം, 42 വർഷമായി പോലീസ് അന്വേഷിക്കുന്ന ചാക്കോ വധക്കേസ് പ്രതി സുകുമാരക്കുറുപ്പുമായി രൂപസാദൃശ്യമുള്ള ജോൺ മേനോനെക്കുറിച്ച് പോലീസിന് നിരവധി അനൗദ്യോഗിക വിവരങ്ങൾ ലഭിച്ചിരുന്നു. മലേഷ്യയിലും ഇന്തോനേഷ്യയിലുമുള്ള ഇന്ത്യക്കാരാണ് ചില ഉദ്യോഗസ്ഥർക്ക് വിവരങ്ങൾ കൈമാറിയത്.
ജോൺ മേനോൻ ദുരൂഹ ഇടപാടുകളിൽ ഏർപ്പെട്ടിരുന്നയാളാണെന്ന വിവരങ്ങളും പോലീസിന് ലഭിച്ചതായാണ് റിപ്പോർട്ട്. നിർമാണസാമഗ്രികളുടെ കരാറുമായി ബന്ധപ്പെട്ട് രണ്ട് വർഷം മുമ്പുണ്ടായ ക്രമക്കേടിൽ ജോണിന്റെ പാകിസ്താൻ സ്വദേശിയായ പങ്കാളിക്കെതിരെ കേസെടുത്തിരുന്നതായും വിവരം പുറത്തുവന്നിട്ടുണ്ട്.
മലേഷ്യയിലേക്ക് കുടിയേറിയ മലയാളി കുടുംബത്തിലെ അംഗമാണെന്നാണ് ജോൺ മേനോൻ പരിചയപ്പെട്ട ചിലരോട് പറഞ്ഞിരുന്നതെന്നും റിപ്പോർട്ടുകളുണ്ട്. സുകുമാരക്കുറുപ്പുമായി ജോൺ മേനോന് ബന്ധമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം തുടരുകയാണ്.






