നാഗ്പൂർ: പെൺ സുഹൃത്തുക്കൾക്ക് ഐഫോൺ വാങ്ങി നൽകാൻ ലക്ഷങ്ങൾ വിലവരുന്ന ടാപ്പുകൾ മോഷ്ടിച്ച പ്രായപൂർത്തിയാകാത്ത രണ്ടുപേർ പിടിയിൽ. മഹാരാഷ്ട്രയിലെ നാഗ്പൂരിൽ കലംന പ്രദേശത്തുള്ള രാഹുൽ സെറാമിക്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ വെയർഹൗസിലാണ് കവർച്ച നടന്നത്. 6.5 ലക്ഷം രൂപ വിലവരുന്ന ആഡംബര ഡിസൈനർ ടാപ്പുകളാണ് ഇവർ മോഷ്ടിച്ചത്.
ഇവ പിന്നീട് ഒരു പ്രാദേശിക സ്ക്രാപ്പ് ഡീലർക്ക് 20,000 രൂപയ്ക്ക് വിൽക്കുകയായിരുന്നു. വെയർഹൗസിന്റെ ഉടമ രാഹുൽ ജയ്ചന്ദ് ബത്രയുടെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. പരാതിയുടെ അടിസ്ഥാനത്തിൽ, നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിരുന്ന 25-ലധികം സിസിടിവി ക്യാമറകളും അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിച്ചു. മേയ് 27ന് രാത്രിയിലാണ് മോഷണം നടന്നത്. ഗോഡൗണിന്റെ മേല്‍ക്കൂരയിലെ ടിന്‍ ഷീറ്റുകള്‍ നീക്കംചെയ്താണ് കുട്ടികൾ അകത്ത് കടന്നത്.
3,94,500 രൂപ വിലമതിക്കുന്ന സ്വര്‍ണനിറത്തിലുള്ള അഞ്ച് ടാപ്പുകള്‍, 67,000 രൂപയുടെ മൂന്ന് സ്വര്‍ണ നിറത്തിലുള്ള ടാപ്പുകള്‍, 1,30,500 രൂപ വിലയുള്ള ഒമ്പത് റോസ് ഗോള്‍ഡ് ടാപ്പുകള്‍, 58,000 രൂപയുടെ നാല് വെള്ളിനിറത്തിലുള്ള ടാപ്പുകള്‍ എന്നിവയാണ് മോഷ്ടിച്ചത്. കേസുമായി ബന്ധപ്പെട്ട് രണ്ട് പ്രായപൂർത്തിയാകാത്ത കുട്ടികളെയും മോഷ്ടിച്ച സാധനങ്ങൾ വാങ്ങിയ ഇർഫാൻ അലി എന്ന 38കാരനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. വിശദമായ ചോദ്യം ചെയ്യലിൽ, പെൺ സുഹൃത്തുക്കൾക്ക് ഐഫോൺ വാങ്ങാനാണ് കവർച്ച നടത്തിയതെന്ന് ഇവർ സമ്മതിച്ചു. പണത്തിന്റെ അത്യാവശ്യം ഉണ്ടെന്നും അതുകൊണ്ടാണ് അവർ മോഷണത്തിലേക്ക് തിരിഞ്ഞതെന്നും ഇവർ സമ്മതിച്ചു.

















































