ഇടുക്കി: ഓൺലൈൻ ഡെലിവറി സ്ഥാപനത്തില്‍ നിന്നും 60 കഞ്ചാവ് മിഠായികൾ പിടികൂടി. ഇടുക്കിയിലെ അടിമാലിയിലുള്ള ഡെലിവറി സ്ഥാപനത്തിൽ നിന്നാണ് കഞ്ചാവ് മിഠായികൾ പിടികൂടിയത്. ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്.
ജില്ലയിലെ വിവിധ ഡെലിവറി സ്ഥാപനങ്ങളിലും ഗോഡൗണുകളിലുമാണ് നർക്കോട്ടിക്സ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് പരിശോധന നടത്തിയത്. ഡെലിവറി ചെയ്യാൻ കഴിയാതെ തിരികെ അയയ്ക്കാൻ വച്ചിരുന്ന പാഴ്സലുകൾക്കൊപ്പം രണ്ട് പാക്കറ്റുകളിലായി 300 ഗ്രാം തൂക്കം വരുന്ന 60 മിഠായികൾ കണ്ടെടുത്തു. പാഴ്സലിൽ നൽകിയിരിക്കുന്ന അഡ്രസ് വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഇത് എവിടെ നിന്നാണ് വന്നതെന്നും ആരാണ് അയച്ചതെന്നും ഉൾപ്പെടെയുള്ള വിവരങ്ങൾ അന്വേഷിക്കും.
ചില്ലറ വില്‍പ്പനയില്‍ നിന്നും മാറി ഓണ്‍ലൈന്‍ ഡെലിവറി വരെ എത്തിനില്‍ക്കുകയാണ് ലഹരി വില്‍പ്പന. ഇടുക്കിയിലെ വിവിധയിടങ്ങളിൽ ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി പരിശോധന നടത്തിവരികയാണ്. നേരത്തെ രാജാക്കാട് മമ്മട്ടിക്കാനത്ത് നടത്തിയ പരിശോധനയിൽ വിൽപ്പനയ്ക്ക് സൂക്ഷിച്ച ഉണക്ക കഞ്ചാവ് കണ്ടെത്തിയിരുന്നു.

















































