മലപ്പുറം: പുറത്തൂർ പടിഞ്ഞാറേക്കര തിരൂർപ്പുഴയിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തി. മുരുപ്പുമാട് കടവിന് സമീപത്ത് വെച്ച് ഫൈബർ വള്ളത്തിന്റെ നങ്കൂരം ഉയർത്തിയെടുക്കുന്നതിനിടയിലാണ് നങ്കൂരത്തിൽ ചാക്ക് കുടുങ്ങിക്കിടക്കുന്നത് മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെട്ടത്. ഇവർ നടത്തിയ പരിശോധനയിലാണ് ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹമാണെന്ന് വ്യക്തമായത്. പിന്നാലെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. അതേസമയം മൃതദേഹം പുറത്തൂർ പടിഞ്ഞാറേക്കര അമ്പലപ്പടി അണ്ടിപ്പാട്ട് വീട്ടിൽ ഫൗസിയ (37) യുടേതാണെന്ന് തിരിച്ചറിഞ്ഞു. കൊലപാതകമെന്ന സംശയത്തിൽ മത്സ്യത്തൊഴിലാളിയായ ഭർത്താവിനായി പോലീസ് തിരച്ചിൽ ആരംഭിച്ചു.
ബുധനാഴ്ച രാത്രിയോടെ വള്ളത്തിൽ മീൻ കുടുങ്ങിയിട്ടുണ്ടെന്ന് പറഞ്ഞ് മത്സ്യത്തൊഴിലാളിയായ ഭർത്താവ് ഫൗസിയയെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. വ്യാഴാഴ്‌ച രാത്രിയായിട്ടും ഇരുവരും വീട്ടിലേക്ക് തിരിച്ചെത്താതിരുന്നതോടെ മക്കൾ രണ്ടുപേരെയും കാണാനില്ലെന്ന് കാട്ടി തിരൂർ പോലീസിൽ വിവരമറിയിച്ചു. അന്വേഷണം നടക്കുന്നതിനിടെയാണ് ഫൗസിയയുടെ മൃതദേഹം ഇന്നലെ ഉച്ചയോടെ തിരൂർ പുഴയിലെ പടിഞ്ഞാറേക്കര ജെട്ടി വൈനിൽ കണ്ടെത്തിയത്.






