ജമ്മു: കശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ സർക്കാർ സ്‌കൂൾ പ്രധാനാധ്യാപകൻ പ്രായപൂർത്തിയാകാത്ത ആദിവാസി വിദ്യാർഥിനിയെ മാസങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചതായി ആരോപണം. ഇതിനെ തുടർന്ന് ഗർഭിണിയായ പെൺകുട്ടി മരണത്തിനു കീഴടങ്ങി. ഗർഭഛിദ്രത്തിനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടർന്നുണ്ടായ സങ്കീർണതകൾക്കൊടുവിൽ ഏഴ് മാസം ഗർഭിണിയായിരുന്ന പെൺകുട്ടി മരണപ്പെടുകയായിരുന്നു.
വ്യാഴാഴ്ച രാത്രി പെൺകുട്ടി മരിച്ചതിന് പിന്നാലെ ഗ്രാമത്തിൽ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. വെള്ളിയാഴ്ച രാവിലെയോടെ പ്രതിഷേധം ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്കും വ്യാപിച്ചു. പെൺകുട്ടിക്ക് ഏഴ് മാസം ഗർഭമുണ്ടായിരുന്നുവെന്നും മറ്റൊരു ജില്ലയിൽ പ്രസവശ്രമത്തിനിടെ കുഞ്ഞ് ചാപിള്ളയായി ജനിച്ചതിന് പിന്നാലെ ആരോഗ്യനില ഗുരുതരമായെന്നും പ്രതിഷേധക്കാർ ആരോപിച്ചു. തുടർന്ന് പെൺകുട്ടിയെ ജമ്മുവിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചതെന്നും ഇവർ പറഞ്ഞു.
അതേസമയം സംഭവവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ പ്രധാനാധ്യാപകനെയും പെൺകുട്ടിയുടെ ഗർഭഛിദ്രത്തിനും പ്രസവത്തിനുമായി വിവിധ ജില്ലകളിലേക്ക് കൊണ്ടുപോകുന്നതിൽ ഇയാളെ സഹായിച്ച സഹോദരനെയും പോലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തിൽ ഭാരതീയ ന്യായ സംഹിതയിലെ (BNS) പ്രസക്തമായ വകുപ്പുകൾ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും കിഷ്ത്വാർ എസ്എസ്പി നരേഷ് സിങ് അറിയിച്ചു. കൂടാതെ വിദ്യാഭ്യാസ വകുപ്പ് പ്രത്യേക അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. ആരോപണവിധേയനായ പ്രധാനാധ്യാപകനെ അന്വേഷണത്തിന്റെ ഭാഗമായി സസ്പെൻഡ് ചെയ്തു.
അതേസമയം ഗ്രാമത്തിലെ പ്രാദേശിക ആദിവാസി നേതാവിന്റെ ആരോപണമനുസരിച്ച്, പ്രധാനാധ്യാപകൻ മാസങ്ങളോളം പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവരികയായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.






