സൗത്ത് വെയിൽസ്: റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സ്യൂട്ട്കേസ്. തുറന്നുനോക്കിയപ്പോൾ കണ്ടെത്തിയത് കുത്തിക്കീറിയ നിലയിലുള്ള സ്ത്രീയുടെ ശരീരം. കൊല്ലപ്പെട്ടയാളെ കണ്ടെത്താനായി തലങ്ങും വിലങ്ങും പാഞ്ഞ് പൊലീസ്. കൊലപാതകമെന്ന നിലയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചപ്പോഴാണ് മൃതദേഹത്തിലെ അസാധാരണത്വം പൊലീസ് ശ്രദ്ധിക്കുന്നത്. മൃതദേഹത്തിലോ അത് സൂക്ഷിച്ചിരുന്ന സ്യൂട്ട്കേസിലോ ഒരു തുള്ളി രക്തം പോലും ഉണ്ടായിരുന്നില്ല.
യാത്രക്കാരായ രണ്ടുപേരാണ് റോഡരികിൽ സംശയകരമായ സാഹചര്യത്തിൽ സ്യൂട്ട്കേസ് കണ്ടത്. തുടർന്ന് ഇവർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഫോറൻസിക് പരിശോധനയിലാണ് ഇത് സ്ത്രീയുടെ മൃതദേഹമല്ലെന്നും സെക്സ് ഡോളാണെന്നും കണ്ടെത്തിയത്. സിഡ്നിയുടെ തെക്കുപടിഞ്ഞാറൻ മേഖലയിലെ ഔലനിലാണ് പൊലീസിനെ കുഴക്കിയ സംഭവം. സംഭവം കൊലപാതകമെന്ന രീതിയിൽ പ്രസ്താവന നടത്തിയ പൊലീസ് ഫോറൻസിക് റിപ്പോർട്ട് പുറത്തുവന്നതോടെ വലിയ നാണക്കേടിലായി.
വസ്ത്രങ്ങൾ ധരിപ്പിച്ച നിലയിലായിരുന്ന പാവയ്ക്ക് മൂക്കൂത്തി അടക്കമുള്ള ആഭരണങ്ങളും ധരിപ്പിച്ചിരുന്നു. എന്നാൽ പാവയുടെ ശരീരമാസകലം ചതവുകളും മുറിവുകളും കണ്ടതാണ് പൊലീസിനെയും നാട്ടുകാരെയും കുഴക്കിയത്.
പരസ്യ പ്രസ്താവന നാണക്കേടുണ്ടാക്കിയെങ്കിലും പൊലീസ് സ്വീകരിച്ച നടപടികൾ ശരിയായ നടപടിക്രമങ്ങൾ തന്നെയായിരുന്നുവെന്നാണ് കുറ്റാന്വേഷണ വിദഗ്ധർ വിശദീകരിക്കുന്നത്. പൊലീസ് തെളിവുകൾ നശിച്ചുപോകരുതെന്ന ലക്ഷ്യത്തോടെയായിരുന്നു സ്യൂട്ട്കേസ് പൂർണമായി തുറന്ന് പരിശോധിക്കാതെ ഫോറൻസിക് ലാബിലേക്ക് അയച്ചത്.
സ്യൂട്ട്കേസിന്റെ സിപ്പർ ഭാഗത്തോ പുറത്തോ ഉണ്ടാകാൻ സാധ്യതയുള്ള രക്തം, മുടി, വസ്ത്രങ്ങളുടെ നാരുകൾ അല്ലെങ്കിൽ ഡിഎൻഎ തെളിവുകൾ എന്നിവ ഒരു ഘട്ടത്തിലും നശിച്ചുപോകരുത് എന്നതിനാലാണ് പൊലീസ് സ്യൂട്ട്കേസ് പൂർണമായി തുറക്കാതെ ഫോറൻസിക് ലാബിലേക്ക് അയച്ചത്.
കണ്ടെത്തിയത് പാവയാണെന്ന് തിരിച്ചറിഞ്ഞതോടെ പൊലീസിന്റെ ജോലി ഇരട്ടിയായി. മറ്റെന്തെങ്കിലും ഗുരുതരമായ കുറ്റകൃത്യങ്ങളുമായോ കാണാതായ കേസുകളുമായോ ഈ പാവയ്ക്ക് ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിച്ചു.
ഓസ്ട്രേലിയയിൽ കുട്ടികളുടെ രൂപത്തിലുള്ള ലൈംഗിക പാവകൾ കൈവശംവെക്കുന്നത് കടുത്ത കുറ്റകൃത്യമാണ്. കണ്ടെത്തിയ പാവ അത്തരത്തിലുള്ളതല്ലെന്ന് വ്യക്തമായതോടെ ഇതുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണം ഔദ്യോഗികമായി അവസാനിപ്പിക്കുകയായിരുന്നു.




