കൊച്ചി: ഡൽഹിയിലെ വിദ്യാർഥി പ്രക്ഷോഭകാരികൾക്കെതിരായ വിദ്വേഷപരാമർശക്കേസിൽ ജാമ്യം ലഭിച്ച ആർഎസ്എസ് സൈദ്ധാന്തികൻ ടി.ജി മോഹൻദാസിന് സ്വീകരണം നൽകി ബിജെപി പ്രവർത്തകർ. മട്ടാഞ്ചേരി ചെർലായി ജംഗ്ഷനിലായിരുന്നു സ്വീകരണം. കുറച്ച് മാധ്യമങ്ങളും രാഷ്ട്രീയക്കാരും ചേർന്ന് തന്നെ പേടിപ്പിക്കാൻ നോക്കിയെന്നും നിരവധി പേരുടെ പിന്തുണ കാരണം അവരൊക്കെയും പരാജയപ്പെട്ടെന്നും മോഹൻ പറഞ്ഞു.
പേടിപ്പിക്കാൻ നോക്കിയവർ നാണം കെട്ട് മടങ്ങിയെന്നും പേടിപ്പിക്കാൻ നോക്കിയവരുടെ കയ്യിൽ പൊലീസുണ്ടെന്നും ഗൂഢാലോചന നടന്നിട്ടുണ്ടാകാമെന്നും മോഹൻ മട്ടാഞ്ചേരിയിലെ ബിജെപി പ്രവർത്തകരോട് പറഞ്ഞു. വിദ്വേഷ പരാമർശക്കേസിൽ കഴിഞ്ഞ തിങ്കളാഴ്ചയാണ് മോഹൻദാസിന് തിരുവനന്തപുരം എസിജെഎം കോടതി ജാമ്യം നൽകിയത്. ഡൽഹിയിലെ സിജെപി സമരത്തിൽ പങ്കെടുത്ത സ്ത്രീകളെ സാമൂഹികമാധ്യമം വഴി അധിക്ഷേപിക്കുകയും വെടിവെച്ച് കൊല്ലുമെന്ന് പ്രസ്താവന നടത്തുകയും ചെയ്ത കേസിലാണ് മോഹൻദാസിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ കലാപാഹ്വാനമുൾപ്പെടെ നാല് കുറ്റങ്ങൾ പൊലീസ് എഫ്ഐആറിൽ ചുമത്തിയിരുന്നു.
ഇയാൾ സ്ത്രീകളുടെ മാന്യതയെ ഹനിച്ചുവെന്നും പൊതുസമാധാനത്തിന് വിരുദ്ധമായി പ്രവർത്തിച്ചുവെന്നും പൊലീസിന്‍റെ റിമാൻഡ് റിപ്പോർട്ടിലുണ്ടായിരുന്നു. കലാപാഹ്വാനം നടത്തിയത് ഗുരുതര കുറ്റമാണ്. ജാമ്യം അനുവദിച്ചാൽ പ്രതി ഡിജിറ്റൽ തെളിവുകൾ നശിപ്പിക്കും. കൂടുതൽ ഡിജിറ്റൽ തെളിവുകൾ കണ്ടെത്താനുണ്ട്. പ്രതി ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരേണ്ടത് അനിവാര്യമാണെന്നും റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. എന്നാൽ, പ്രതിയുടെ ആരോഗ്യവും പ്രായവും പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നിർദേശം നൽകുകയും ചെയ്തിട്ടാണ് വിട്ടയച്ചത്.





