തിരുവനന്തപുരം: ശബരിമല തന്ത്രിസ്ഥാനത്ത്‌നിന്ന് താഴമൺ കുടുംബത്തെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബിജെപി. ശബരിമല അയ്യപ്പ ക്ഷേത്രത്തിനും കോടാനുകോടി സ്വാമിഭക്തർക്കും ഇത്രയേറെ അവമതിപ്പും ദുഃഖവും ഉണ്ടാക്കിയ കുടുംബം വേറെയില്ലെന്നും ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ കെ.എസ്.രാധാകൃഷ്ണൻ പറഞ്ഞു. ഗുരുതരമായ ആരോപണങ്ങളാണ് തന്ത്രി താഴമൺ കുടുംബത്തിനുനേരെ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഉയർത്തിയിരിക്കുന്നത്. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ശബരിമല സ്വർണക്കൊള്ളയുമായ ബന്ധപ്പെട്ട കേസിൽ തന്ത്രി കണ്ഠര് രാജീവരെ അറസ്റ്റ് ചെയ്തതിനെതിരെ ബിജെപി പരസ്യപ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
ഇതിന് വിഭിന്നമായിട്ടാണിപ്പോൾ ബിജെപി ഉപാധ്യക്ഷന്റെ നിലപാട്. ചിങ്ങമാസം മുതൽ ശബരിമല തന്ത്രിയായി തന്റെ മകൻ ബ്രഹ്‌മദത്തനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ഠര് രാജീവര് ദേവസ്വം ബോർഡിന് കത്ത് നൽകിയ പശ്ചാലത്തിൽകൂടിയാണ് കെ.എസ്.രാധാകൃഷ്ണൻ രംഗത്തെത്തിയത്. ക്രിമിനൽ കേസിൽ നടപടികൾ നേരിടുന്ന പ്രതികൾ നിർദ്ദേശിക്കുന്ന ആരെയും, അവരുടെ യോഗ്യതകൾ പരിഗണിക്കാതെ, കുടുംബ പാരമ്പര്യം മാത്രം നോക്കി നിയമിക്കാനുള ഒരു ബാദ്ധ്യതയും ദേവസ്വം ബോർഡിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമലയിൽ ആചാര ലംഘനം നടത്തി അശുദ്ധി വരുത്തിയ മനീതീ സംഘം പോലും തന്ത്രി കുടുംബം ചെയ്ത അത്ര അശുദ്ധി ശബരിമലക്ക് ഉണ്ടാക്കിയിട്ടില്ല. ക്രിമനൽ കേസിൽ ഉൾപ്പെട്ടു വിചാരണ നേരിടുന്നവരുടെ മക്കൾക്ക് വേണ്ടി സംവരണം ചെയ്തു സൂക്ഷിച്ചിട്ടുള്ള പദവിയാണോ ശബരിമല തന്ത്രിയുടേതെന്നും അദ്ദേഹം ചോദിച്ചു. ‘മോഹനര് തന്ത്രിയെ വേശ്യപ്പുരയിൽ നിന്നാണ് പോലീസ് പിടികൂടിയത്. ജയിലിൽ പോയി ക്രിമിനൽ കേസിൽ വിചാരണ നേരിട്ടുവെന്നും കെ.എസ്.രാധാകൃഷ്ണൻ ഫെയ്‌സ്ബുക്കിൽ കുറിച്ചു.

















































