കോഴിക്കോട്: കെഎസ്ആർടിസി ബസിലെ കണ്ടക്ടറെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പണം കവർന്ന കേസിലെ പ്രതി 36 വർഷങ്ങൾക്ക് ശേഷം പൊലീസിന്റെ പിടിയിലായി. മലപ്പുറം ഊർങ്ങാട്ടിരി സ്വദേശി വി.കെ. ജോസിനെയാണ് മൈസൂരുവിൽ നിന്ന് തിരുവമ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ താമസസ്ഥലത്ത് നിന്ന് തോക്കും തിരിച്ചറിയൽ രേഖകളും പൊലീസ് കണ്ടെടുത്തു.
1990-ലാണ് തിരുവമ്പാടി–കൂമ്പാറ റൂട്ടിലോടുന്ന കെഎസ്ആർടിസി ബസിൽ കയറിയ ജോസ് കണ്ടക്ടറെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പണം തട്ടിയത്. സംഭവത്തിൽ തിരുവമ്പാടി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. കവർച്ചയ്ക്ക് പിന്നാലെ കേരളം വിട്ട ഇയാൾ മൈസൂരുവിലെത്തി ‘ശിവകുമാർ’ എന്ന വ്യാജ പേരിൽ വിവിധ ജോലികൾ ചെയ്ത് വർഷങ്ങളോളം കഴിയുകയായിരുന്നു.
കഴിഞ്ഞ ആഴ്ച വീട്ടിലുണ്ടായ കുടുംബപ്രശ്നത്തെ തുടർന്ന് ഭാര്യ പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് സഹായം തേടിയതോടെയാണ് വർഷങ്ങൾ പഴക്കമുള്ള കേസിന് വഴിത്തിരിവായത്. പരാതി അന്വേഷിക്കാൻ എത്തിയ മൈസൂരുവിലെ നരസിംഹരാജ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് ജോസിന്റെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നി.
തുടർന്ന് നടത്തിയ പരിശോധനയിൽ കിടക്കയ്ക്കടിയിൽ ഒളിപ്പിച്ച നിലയിൽ തോക്കും ചില തിരിച്ചറിയൽ രേഖകളും കണ്ടെത്തി. ഇതോടെ ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ കേരള പൊലീസിന് കൈമാറി. തിരുവമ്പാടി എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മൈസൂരുവിലെത്തി പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
കോടതിയിൽ ഹാജരാക്കിയ ജോസിനെ റിമാൻഡ് ചെയ്തു. മൂന്ന് പതിറ്റാണ്ടിലേറെ പഴക്കമുള്ള കേസിൽ പ്രതിയെ കണ്ടെത്താൻ കഴിഞ്ഞത് അന്വേഷണ സംഘത്തിന് വലിയ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.

















































