മുംബൈ: മഹാരാഷ്ട്രയിലെ ഖാവ്ഡ മല ദുരന്തത്തിൽ നിർണായക വഴിത്തിരിവ്. പിതാവുമായുണ്ടായ തർക്കത്തിന് പിന്നാലെ കൊക്കയിൽ നിന്ന് ചാടിയ 18കാരൻ കുനാൽ ചന്ദ്‌വാഡെ 2025ലും ഇതേ സ്ഥലത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി പോലീസ്. സംഭവത്തിൽ അന്വേഷണം ശക്തമാക്കിയതോടെ, ഐഫോണിന്റെ ഇഎംഐ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട തർക്കം മാത്രമാണോ യുവാവിനെ ഈ കടുത്ത തീരുമാനത്തിലേക്ക് നയിച്ചതെന്നതും മറ്റ് കാരണങ്ങളുണ്ടായിരുന്നോ എന്നതും പോലീസ് പരിശോധിക്കുകയാണ്.
വെള്ളിയാഴ്ച രാവിലെ ഛത്രപതി സംഭാജിനഗർ ജില്ലയിലെ ഖാവ്ഡ മലയിൽവച്ചാണ് ഒരു കുടുംബത്തിലെ മൂന്നുപേരുടെ ജീവൻ നഷ്ടമായ ദാരുണ സംഭവം നടന്നത്. മകൻ കുനാൽ ചന്ദ്‌വാഡെ, പിതാവ് മുർളീധർ, മാതാവ് സംഗീത എന്നിവർ നിമിഷങ്ങളുടെ വ്യത്യാസത്തിൽ മരണപ്പെട്ടത്.
രാവിലെ പത്ത് മണിയോടെ മലമുകളിലെത്തിയ കുനാൽ 400 മുതൽ 500 അടി വരെ ആഴമുള്ള കൊക്കയുടെ അരികിൽ ഏകദേശം മൂന്ന് മണിക്കൂറോളം തുടരുകയായിരുന്നു. സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്ന് മാതാപിതാക്കളും നാട്ടുകാരും പോലീസും അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥരും പലതവണ ആവശ്യപ്പെട്ടെങ്കിലും യുവാവ് പിന്മാറാൻ തയ്യാറായില്ല.
മകൻ അപകടകരമായ നിലയിൽ നിൽക്കുന്നത് കണ്ട മാതാവ് സംഗീത ഏറെ നേരം സംസാരിച്ച് താഴേക്ക് വരണമെന്ന് അഭ്യർഥിച്ചുകൊണ്ടിരുന്നു. അതേസമയം, രക്ഷാപ്രവർത്തകർ കൊക്കയ്ക്ക് താഴെ സുരക്ഷാ വലകൾ സ്ഥാപിക്കുകയും യുവാവിനെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്തു. എന്നാൽ കുനാൽ ഇടയ്ക്കിടെ തന്റെ സ്ഥാനം മാറ്റിക്കൊണ്ടിരുന്നതിനാൽ രക്ഷാപ്രവർത്തനം കൂടുതൽ ദുഷ്കരമായി. ഇതോടെ മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനുടെ പിതാവും ഇരുവരും കൊക്കയിലേക്ക് വീഴുന്നതുകണ്ട് മാതാവും ജീവനൊടുക്കുകയായിരുന്നു
സംഭവത്തിന് പിന്നിൽ ഐഫോണിന്റെ ഇഎംഐ സംബന്ധിച്ച കുടുംബ തർക്കമാണെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ ഇതേ സ്ഥലത്ത് 2025ൽ കുനാൽ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്ന വിവരം പുറത്തുവന്നതോടെ അന്വേഷണത്തിന്റെ ദിശ മാറിയിരിക്കുകയാണ്. കുടുംബപ്രശ്നങ്ങൾ, മാനസിക സമ്മർദം ഉൾപ്പെടെയുള്ള മറ്റ് ഘടകങ്ങൾ സംഭവത്തിന് പിന്നിലുണ്ടായിരുന്നോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. സംഭവത്തിന്റെ മുഴുവൻ സാഹചര്യങ്ങളും വിശദമായി പരിശോധിച്ച ശേഷമേ യുവാവിന്റെ ഈ തീരുമാനത്തിന് പിന്നിലെ യഥാർഥ കാരണം വ്യക്തമാകൂ എന്നും പോലീസ് പറയുന്നു.






