ന്യൂഡൽഹി: ഐഫോണിന്റെ മാസ തവണകൾ അടയ്ക്കാൻ കഴിയാത്തതിനെ തുടർന്നുണ്ടായ സാമ്പത്തിക സമ്മർദ്ദത്തിൽ ഡാൻസ് അധ്യാപകൻ യമുന നദിയിൽ ചാടിയതായി റിപ്പോർട്ട്. തെക്കുകിഴക്കൻ ഡൽഹിയിലെ കാലിന്ദി കുഞ്ച് ഭോലാ ഘട്ടിന് സമീപമാണ് സംഭവം. എന്നാൽ ഇയാൾ ചാടുന്നതു കണ്ടുനിന്നവരുടെ സമയോചിതമായ ഇടപെടലിലൂടെ യുവാവിനെ രക്ഷപ്പെടുത്തി.
വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. പട്രോളിങ്ങിലുണ്ടായിരുന്ന പോലീസിന് ഒരാൾ യമുനയിലേക്ക് ചാടിയെന്ന വിവരം ലഭിച്ചു. തുടർന്ന് പോലീസ് സംഘം സ്ഥലത്തെത്തി ഫ്ലഡ് ഡിപ്പാർട്ട്മെന്റിനെ വിവരമറിയിച്ചു. പിന്നാലെ ബോട്ടുമായി രക്ഷാപ്രവർത്തക സംഘം സ്ഥലത്തെത്തി. നദിയിൽ യുവാവിനെ കണ്ടെത്തുകയും സുരക്ഷിതമായി കരയിലെത്തിക്കുകയും ചെയ്തു.
ഒഖ്ല സ്വദേശിയായ 30കാരനാണ് സംഭവത്തിൽപ്പെട്ടത്. ഭാര്യയും രണ്ട് കുട്ടികളുമൊപ്പമാണ് ഇയാൾ താമസിക്കുന്നത്. ഡാൻസ് അധ്യാപകനായി ജോലി ചെയ്യുന്നതിനൊപ്പം പൂന്തോട്ട പരിപാലന ജോലികളും ഇയാൾ ചെയ്തുവരികയായിരുന്നു. എന്നാൽ കഴിഞ്ഞ ഏതാനും മാസങ്ങളായി വരുമാനം കുറഞ്ഞതോടെ സാമ്പത്തിക ബുദ്ധിമുട്ട് രൂക്ഷമായതായി പോലീസ് പറഞ്ഞു.
വരുമാനം കുറഞ്ഞതോടെ ഐഫോണിന്റെ പ്രതിമാസ ഇഎംഐ അടയ്ക്കുന്നത് ബുദ്ധിമുട്ടായെന്നും ഇതുമൂലം വലിയ മാനസിക സമ്മർദ്ദത്തിലായിരുന്നെന്നും ചോദ്യം ചെയ്യലിൽ യുവാവ് പോലീസിനോട് പറഞ്ഞു. രക്ഷപ്പെടുത്തിയ ശേഷം പോലീസ് ഇയാളെ കൗൺസലിങ് നൽകി. ഭാര്യയെയും ഭാര്യാസഹോദരനെയും പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ ശേഷമാണ് ഇയാളെ വീട്ടിലേക്ക് അയച്ചത്.
അതേസമയം മൊബൈൽ ഫോൺ വാങ്ങുന്നതുമായി ബന്ധപ്പെട്ട തർക്കം മറ്റൊരു കുടുംബത്തിന്റെ ദാരുണമായ മരണത്തിലേക്ക് നയിച്ച സംഭവത്തിന് പിന്നാലെയാണ് ഡൽഹിയിലെ ഈ സംഭവം. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ വെള്ളിയാഴ്ചയാണ് മൊബൈൽ ഫോൺ വാങ്ങുന്നതുമായി ബന്ധപ്പെട്ട കുടുംബവഴക്കിനിടെ മൂന്ന് പേർ മരിച്ചത്.






