കാഠ്മണ്ഡു: നേപ്പാൾ– ടിബറ്റ് അതിർത്തിയിൽ വൻ നാശം വിതച്ച മിന്നൽപ്രളയത്തിന്റെയും മണ്ണിടിച്ചിലിന്റെയും വ്യാപ്തി വ്യക്തമാക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ചൈനീസ് രക്ഷാപ്രവർത്തകർ ഹെലികോപ്റ്ററിൽ പകർത്തിയ ഗിറോങ് അതിർത്തി തുറമുഖത്തിന്റെ പ്രളയത്തിന് മുമ്പും ശേഷവുമുള്ള ദൃശ്യങ്ങളാണ് ദുരന്തത്തിന്റെ തീവ്രത വ്യക്തമാക്കുന്നത്.
വെറും എട്ട് സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ ദുരന്തത്തിന് മുമ്പുള്ള ഗിറോങ് തുറമുഖത്തിന്റെ ദൃശ്യവും പ്രളയത്തിന് ശേഷമുള്ള അവസ്ഥയും താരതമ്യം ചെയ്യുന്നുണ്ട്. ആദ്യ ദൃശ്യത്തിൽ അതിർത്തി ചെക്ക്പോസ്റ്റ് കെട്ടിടം ഉൾപ്പെടെയുള്ള ബഹുനില കെട്ടിടങ്ങളും റോഡുകളും താഴ്‌വരയിലൂടെ ഒഴുകുന്ന നദിയും പച്ചപ്പാർന്ന മലഞ്ചരിവുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും വ്യക്തമായി കാണാം. പ്രധാന ചെക്ക്പോസ്റ്റ് കെട്ടിടത്തിൽ ചൈനീസ് ദേശീയ ചിഹ്നവും ദൃശ്യമാണ്.
എന്നാൽ പ്രളയത്തിന് ശേഷം അവിടെനിന്നുള്ള ദൃശ്യം പൂർണമായും വ്യത്യസ്തമാണ്. കെട്ടിടങ്ങളും റോഡുകളും ഉൾപ്പെടെ ഭൂരിഭാഗം അടിസ്ഥാന സൗകര്യങ്ങളും മണ്ണിനടിയിലാകുകയോ ഒഴുകിപ്പോകുകയോ ചെയ്ത നിലയിലാണ്. മുമ്പ് പച്ചപ്പും നിർമാണങ്ങളുമുണ്ടായിരുന്ന പ്രദേശം ഇപ്പോൾ മണ്ണും അവശിഷ്ടങ്ങളും നിറഞ്ഞ തരിശായ താഴ്‌വരയായി മാറിയിരിക്കുകയാണ്.
നേപ്പാൾ–ടിബറ്റ് അതിർത്തിയിൽ ഉണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും 1,300-ലേറെ പേരെ കാണാതായതായാണ് റിപ്പോർട്ട്. 362-ലേറെ പേർ മരിച്ചതായും സ്ഥിരീകരിച്ചിട്ടുണ്ട്. നേപ്പാളിൽ മാത്രം 826 പേരെ കാണാതായതായി അധികൃതർ അറിയിച്ചു. ചൈനയുടെ സ്വയംഭരണ പ്രദേശമായ ടിബറ്റിൽ മൂന്ന് പേർ മരിക്കുകയും 558 പേരെ കാണാതാവുകയും ചെയ്തതായി റിപ്പോർട്ടുണ്ട്.
ദുരന്തത്തെ തുടർന്ന് നേപ്പാളിൽ നിരവധി പാലങ്ങൾ തകർന്നു. ഏകദേശം 40 കിലോമീറ്റർ റോഡുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും അധികൃതർ അറിയിച്ചു. ഇതോടെ ദുരന്തബാധിത മേഖലകളിലേക്ക് രക്ഷാപ്രവർത്തകരെ എത്തിക്കുന്നതും തിരച്ചിൽ നടത്തുന്നതും കൂടുതൽ ദുഷ്കരമായി.
നേപ്പാൾ സൈന്യം ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് 100-ലേറെ പേരെ രക്ഷപ്പെടുത്തിയതായി സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ രാജാ റാം ബസ്നെത് അറിയിച്ചു. ത്രിശൂലി ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ കുടുങ്ങിയവരെയും സൈനിക സംഘങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. പരിക്കേറ്റ നിരവധി പേരെ ചികിത്സയ്ക്കായി കാഠ്മണ്ഡുവിലെ ആശുപത്രികളിലെത്തിച്ചിട്ടുണ്ട്.
ടിബറ്റിലെ ഗിറോങ് തുറമുഖത്തിന് സമീപം ബുധനാഴ്ചയുണ്ടായ മണ്ണിടിച്ചിലിൽ പ്രദേശത്ത് ശരാശരി 1.5 മീറ്ററിലേറെ ആഴത്തിൽ ചെളി അടിഞ്ഞുകൂടിയതായി ചൈനീസ് ഔദ്യോഗിക മാധ്യമമായ സിസിടിവി റിപ്പോർട്ട് ചെയ്തു. അതിർത്തി തുറമുഖത്തിലേക്കുള്ള റോഡുകളെല്ലാം തകർന്നതായും മഴ തുടരുന്നതിനാൽ കൂടുതൽ മണ്ണിടിച്ചിലുകൾക്കും മണ്ണിന്റെ രണ്ടാംഘട്ട തകർച്ചകൾക്കും സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
ഇതിനിടെ, ദുരന്തബാധിത മേഖലയിൽ കാണാതായവരിൽ ഇന്ത്യക്കാരും ഉൾപ്പെടുന്നു. വൈദ്യുതി പദ്ധതിയിൽ ജോലി ചെയ്യുന്നവരടക്കം 285 ഇന്ത്യൻ പൗരന്മാരെ കാണാതായതായി ഇന്ത്യ വ്യാഴാഴ്ച അറിയിച്ചു. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുമ്പോഴും പ്രതികൂല കാലാവസ്ഥയും തകർന്ന റോഡുകളും പാലങ്ങളും രക്ഷാപ്രവർത്തകർക്ക് വലിയ വെല്ലുവിളിയായി തുടരുകയാണ്.
Our fingers crossed.😭😭😭
🙏🙏🙏Today, rescue helicopters of the Chinese People’s Liberation Army (PLA) filmed footage near a devastating mudslide hit port of Gyirong (吉隆), along the🇨🇳#China-🇳🇵#Nepal border in China’s Xizang Autonomous Region. pic.twitter.com/56w5fiS6tJ
— Shen Shiwei 沈诗伟 (@shen_shiwei) August 27, 2026






